തലകീഴായി മറിഞ്ഞു, ഉടൻ തീപടർന്നു; കൊല്ലം ബൈപാസിൽ വീണ്ടും അപകടപരമ്പര

കൊല്ലം ബൈപാസില്‍ കാറുമായി കൂട്ടിയിടിച്ച് ആംബുലന്‍സ് കത്തിനശിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന രോഗിയടക്കം അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ബൈപാസിലെ അപകടങ്ങള്‍ കുറയ്ക്കാനായി ജില്ലാ ഭരണകൂടുത്തിന്റെ നേതൃത്വത്തില്‍ ഊര്‍ജിത ശ്രമങ്ങള്‍ നടക്കുന്നത്തിനിടെയാണ് വീണ്ടും അപകടമുണ്ടായത്. 

പുലര്‍ച്ചെ അഞ്ചുമണിയോടെ കല്ലുന്താഴത്തായിരുന്നു അപകടം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നിന്നു രോഗിയുമായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് വന്ന ആംബുലന്‍സും തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തഴകീഴായി മറിഞ്ഞ ആംബുലന്‍സിലേക്ക് ഉടന്‍ തന്നെ തീപടര്‍ന്നു.

ആംബുലന്‍സിലുണ്ടായിരുന്ന കൊട്ടാരക്കര സ്വദേശിനി റഹീലയ്ക്കും കുടുംബാംഗങ്ങള്‍ക്കും ഡ്രൈവര്‍ക്കും കാര്‍ യാത്രികര്‍ക്കും പരുക്കേറ്റു. അഞ്ചുപേരും കൊല്ലത്തെ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സയിലാണ്. ഉദ്ഘാടനം കഴിഞ്ഞു ആറു മാസമാകുമ്പോള്‍ ചെറുതും വലുതുമായ അറുപതോളം അപകടങ്ങളാണ് കൊല്ലം ബൈപാസില്‍ നടന്നത്. പത്തുപേര്‍ക്ക് ജീവനഷ്ടമാകുകയും അതിലേറെപേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. വേഗനിയന്ത്രണത്തിന് ക്യാമറ സ്ഥാപിക്കുന്നതടക്കമുള്ള ജോലികള്‍ പുരോഗമിക്കുന്നതിനെടെയാണ് വീണ്ടും അപകടം.