കാത്തിരിപ്പ് സഫലമാകുന്നു; കിടത്തി ചികിത്സയ്ക്കൊരുങ്ങി കാൻസർ സെന്‍റർ

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കിടത്തി ചികിത്സയ്ക്കൊരുങ്ങി കൊച്ചി കാന്‍സര്‍ സെന്‍റര്‍. ജൂലൈ അവസാന വാരത്തോടെ കൊച്ചി കാന്‍സര്‍ സെന്ററില്‍ കിടത്തി ചികിത്സ ആരംഭിക്കുമെന്ന് കാന്‍സര്‍ സെന്റര്‍ സ്പെഷല്‍ ഒാഫിസര്‍ കൂടിയായ എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു. കൊച്ചി കാന്‍സര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ 2020 ഡിസംബറോടെ പൂര്‍ണതോതില്‍ പ്രവര്‍ത്തസജ്ജമാക്കും.

കളമശേരി മെഡിക്കല്‍ കോളജിന്റെ പഴയ പേ വാര്‍‍ഡ് െകട്ടിടത്തിലാണ് രണ്ട് വര്‍ഷം മുന്‍പ് കൊച്ചി കാന്‍സര്‍ സെന്ററിന്റെ ഒപി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനോടകം   ഒൗട്ട് പേഷ്യന്റ് വിഭാഗത്തില്‍ ആറായിരത്തോളം പേര്‍ ചികിത്സതേടി.  കീമോതെറാപ്പിയ്ക്ക് പുറമേ സങ്കീർണമല്ലാത്ത അർബുദശസ്ത്രക്രിയകളും മെഡിക്കല്‍ കോളജിലെ ഒാപ്പറേഷന്‍ തിയേറ്ററുകളുടെ സഹായത്തില്‍ നടത്താനും തുടങ്ങി. രോഗികളുടെ ബാഹുല്യം കൂടിയതോടെയാണ് കിടത്തി ചികിത്സയ്ക്ക് സൗകര്യമൊരുക്കാന്‍ തീരുമാനമായത്. ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ അണുവിമുക്തമാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയാക്കി ഈ മാസം അവസാനത്തോടെ കിടത്തി ചികിത്സ ആരംഭി്ക്കും. 

ഡിസംബറോടെ 20 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവും ഒരുക്കും. കളമശേരി സർക്കാർ മെഡിക്കൽ കോളജിനോട് ചേർന്നുള്ള പന്ത്രണ്ട് ഏക്കർ സ്ഥലത്താണ് അഞ്ചു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള കാൻസർ റിസർച്ച് സെന്ററിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. 2020 ഡിസംബറോടെ നിര്മാണം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. കാന്‍സര്‍ സെന്ററിലേക്കുള്ള ജീവനക്കാരുടെ നിയമനം ജൂണില്‍ പൂര്‍ത്തിയാകുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.