നിയമയുദ്ധം തൽക്കാലമില്ല; നിലവിലെ ഫീസുമായി സഹകരിക്കുമെന്ന് സ്വാശ്രയ മാനേജ്മെന്റ്സ്

സ്വാശ്രയ മാനേജമെന്റുകളും  സര്‍ക്കാരുമായുള്ള നിയമയുദ്ധം തല്‌‍ക്കാലത്തേക്ക് ഒഴിവായി.  നിലവിലെ ഫീസില്‍ പ്രവേശന നടപടികളുമായി സഹകരിക്കാമെന്ന്  മാനേജ്മെന്റകള്‍ സര്‍ക്കാരിന്  ഉറപ്പു നല്‍കി, അതേസമയം  ഫീസ് നിര്‍ണയ സമിതി മാനേജ്മെന്റുകളുടെ ഫീസ് ഉയര്‍ത്തണമെന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നാളെ മുതല്‍ കേള്‍ക്കും 

ഫീസിന്റെ കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് ഫീസ് നിര്‍ണയ സമിതിയാണെന്ന്  ആരോഗ്യമന്ത്രി മെഡിക്കല്‍ മാനേജമെന്റ് അസോസിയേഷന്‍ പ്രതിനിധികളെ അറിയിച്ചു.ഇതില്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ലെന്ന് മന്ത്രി ശൈലജ ചര്‍ച്ചയില്‍ വ്യക്തമാക്കി. നിലവിലെ സീറ്റില്‍ പ്രവേശനടപടികളുമായി സഹകരിക്കുമെന്ന് മാനേജ്മെന്റുകളും അറിയിച്ചു

ഈ സാഹചര്യത്തില്‍  ഓപ്ഷന്‍ രജിസ്ട്രേഷന്‍ നടപടികളുമായി പ്രവേശനപരീക്ഷ കമ്മീഷണര്‍ക്ക് മുന്നോട്ടു പോകാനാകും. 85 ശതമാനം സീറ്റില്‍ 12 ലക്ഷവും  എന്‍ആര്‍ഐ സീറ്റില്‍ 30 ലക്ഷവും ഫീസ് വേണമെന്നാണ് മാനേജ്മെന്റുകളുടെ ആവശ്യം .പരിധിക്കപ്പുറം ഫീസ് ഉയര്‍ത്താനാവില്ലെന്ന നിലപാട് മന്ത്രി മാനേജ്മെന്റുകളെ അറിയിച്ചു. തല്‍ക്കാലം മാനേജ്മെന്റുകള്‍ കോടതിയെ സമീപിക്കില്ല. ഫീസ് നിര്‍ണയ സമിതിയുടെ തീരുമാനം  വന്നതിനുശേഷം മാത്രമെ നിയമനടപടികളെക്കുറിച്ച് മാനേജ്മെന്റുകള്‍ തീരുമാനമെടുക്കൂ.