മെഡിക്കൽ ഫീസ് ധാരണയിലെത്താൻ സർക്കാർ; ചർച്ച

മെഡിക്കല്‍ പ്രവേശനത്തിലെ കുരുക്കഴിക്കാന്‍ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റുകളുമായി  ബുധനാഴ്ച സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഫീസ് സംബന്ധിച്ച് തീരുമാനത്തിലെത്താനാണ് മാനേജ്മെന്‍റുകളെ വിളിച്ചിരിക്കുന്നത്.  അതേസമയം പ്രവേശന നടപടികള്‍ മുന്നോട്ട് പോകാത്തത് വിദ്യാര്‍ഥികളെ ആശങ്കയിലാക്കിയിട്ടുണ്ട്. 

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് തീരുമാനിക്കേണ്ടത് പുനസംഘടിപ്പിക്കപ്പെട്ട ജസ്റ്റിസ് രാജേന്ദ്രബാബു സമിതിയാണ്. കമ്മറ്റി പുനസംഘടിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പോലും ഇത്്വരെ ഇറക്കിയിട്ടില്ല. അത് ഉടനിറക്കി, ഫീസ് തീരുമാനിക്കണം. ഒപ്പം ഇടഞ്ഞു നില്‍ക്കുന്ന മാനേജ്മെന്‍റുകളുമായും ചര്‍ച്ച ചെയ്ത് സമവായത്തിലെത്തണം. ബുധനാഴ്ച ചര്‍ച്ച നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. 

ഫീസ് തീരുമാനിക്കാതെ പ്രവേശന നടപടികൾ തുടങ്ങാനാവില്ലെന്ന് സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകൾ സര്‍ക്കാരിനെ അറിയിച്ചിരുന്നു. പ്രവേശന നടപടികള്‍ തുടങ്ങാന്‍ ഇതാണ് തടസ്സമായത്. സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകളുടെ രണ്ട് അസോസിയേഷനുകളും ഇക്കാര്യം രേഖാമൂലം സർക്കാരിനെ അറിയിക്കുകയായിരുന്നു.  വിജ്ഞാപനം ഇറക്കാനും ഒാപ്ഷന്‍രജിസ്ട്രേഷന്‍ മുന്നോട്ട് കൊണ്ടുപോകാനുമാവാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍. മൂന്നാം തീയതിവരെ കാത്തിരിക്കണോ, സര്‍ക്കാര്‍കോളജുകള്‍ക്ക് മാത്രമായി വിജ്ഞാപനം പുറപ്പെടുവിക്കണോ എന്ന് ആരോഗ്യവകുപ്പ് തീരുമാനിച്ച് അറിയിച്ചാലെ പ്രവേശന പരീക്ഷാ കമ്മിഷണര്‍. തുടര്‍നടപടികളെടുക്കൂ. ആറാം തീയതിവരെയാണ് ഒാപ്ഷന്‍ നല്‍കാനുള്ള സമയം. അതിനുള്ളില്‍ പ്രവേശനത്തിന് ആവസ്യമായ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്.