പഠനം നിർത്തൽ; കോളെജുകൾക്ക് വിദ്യാർത്ഥികളിൽ നിന്ന് പിഴ ഈടാക്കാം

എന്‍ജിനീയറിങ് പഠനം നിര്‍ത്തിപ്പോകുന്ന വിദ്യാര്‍ഥികള്‍ കോളജുകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട എന്ന സര്‍ക്കാര്‍ ഉത്തവില്‍ നിന്ന് സ്വകാര്യസ്വാശ്രയ കോളജുകളെ ഒഴിവാക്കി. ഉത്തരവിന്റെ പരിധിയില്‍ സര്‍ക്കാര്‍, സര്‍ക്കാര്‍നിയന്ത്രിത, എയ്ഡഡ് കോളജുകള്‍ മാത്രമാണുള്ളത്. ഇതോടെ ഒരേ മേഖലയിലെ കോളജുകള്‍ക്ക് രണ്ടുതരം നിയമം നിലവില്‍വന്നു. 

എന്‍ജിനീയറിങ് പഠനം നിറുത്തി മറ്റ് കോഴ്സുകള്‍ക്ക് ചേരുന്നവരും, കോഴ്സിനിടയില്‍ പഠനം അവസാനിപ്പിക്കുന്നവരുമായ വിദ്യാര്‍ഥികള്‍ കോളജിന് 75,000 നഷ്ടപരിഹാരം നല്‍കണം. ആദ്യഅധ്യയന വര്‍ഷം കഴിഞ്ഞാണ് കോഴ്സ് ഉപേക്ഷിക്കുന്നതെങ്കില്‍, കോഴ്സിന്റെ മുഴുവന്‍ വര്‍ഷത്തെയും ഫീസും അടക്കണം. എങ്കിലെ കോളജുകള്‍ ടിസി ഉള്‍പ്പെടെയുള്ള രേഖകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കൂ. ഈ വ്യവസ്ഥ മാറ്റണമെന്ന നിര്‍ദ്ദേശം ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ നല്‍കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നിട്ടും പിഴവ്യവ്സ്ഥ റദ്ദാക്കുന്ന ഉത്തരവിന്റെ പരിധിയില്‍ നിന്ന് സ്വകാര്യസ്വാശ്രയ കോളജുകളെ ഒഴിവാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാര്‍, എയിഡഡ്, സര്‍ക്കാര്‍നിയന്ത്രിത സ്വാശ്രയ കോളജുകള്‍ക്ക് മാത്രമായിരിക്കും ഉത്തരവ് ബാധകം. 

സംസ്ഥാനത്തെ 27 എന്‍ജിനീയറിങ് കോളജുകളാണ് സര്‍ക്കാര്‍ നിയന്ത്രിത മേഖലയിലുള്ളത്. ഇവയില്‍ ഇനിമുതല്‍ പഠനം നിറുത്തിപോകുന്നവരില്‍ നിന്ന് പിഴ ഈടാക്കില്ല. അതേസമയം അഫിലിയേഷനുള്ള 110 സ്വകാര്യ സ്വാശ്രയ കോളജുകളും ഉത്തരവിന്റെ പരിധിയില്‍ വരില്ല. ഇവക്ക് തുടര്‍ന്നും കുട്ടികളില്‍ നിന്ന് വന്‍തുക പിഴയായി ഈടാക്കാം. ഇയര്‍ഒൗട്ട് പ്രശ്നം രൂക്ഷമായതും എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് ജോലിസാധ്യതകള്‍കുറഞ്ഞതും പലവിദ്യാര്‍ഥികളെയും കോഴ്സ് നിറുത്തിപ്പോകാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇവര്‍ പിഴകൂടി നല്‍കേണ്ടിവന്നപ്പോഴാണ് , ലിക്വിഡിറ്റി ഡാമേജസ് എന്ന വ്യവസ്ഥക്കെതിരെ പ്രതിഷേധം ശക്തമായത്. ന്യായീകരിക്കാന്‍കഴിയാത്ത പിഴ വ്യവസ്ഥ അവസാനപ്പിക്കാന്‍ എ.ഐ.സി.ടി.ഇ പറഞ്ഞിട്ടുപോലും സ്വകാര്യ കോളജുകള്‍ക്ക് അത് തുടര്‍ന്നും വാങ്ങാനുള്ള ഒത്താശയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.