വീട്ടിൽ പൈപ്പിലൂടെ വെള്ളം ലഭിക്കുമോ? എങ്കിൽ സ്കോളർഷിപ്പ് നഷ്ടമാകും; വിനയായി പുതിയ മാനദണ്ഡങ്ങൾ

File Photo

അര്‍ഹതയുണ്ടായിട്ടും  സര്‍ക്കാര്‍ വാഗ്ദാനംചെയ്ത സ്കോളർഷിപ്പ് ലഭിക്കാതെ സ്വാശ്രയമെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥികള്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സ്കോളർഷിപ്പ് ലഭിക്കാതെ വന്നതോടെ പഠനം മുടങ്ങുന്ന സ്ഥിതിയാണ്. സര്‍ക്കാര്‍കൊണ്ടുവന്ന പുതിയ മാനദണ്ഡങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് വിനയായത്. 

സ്വാശ്രയ കോളജുകളിലെ മെറിറ്റില്‍ പ്രവേശനം നേടിയവരില്‍, സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്കാണ് സര്‍ക്കാരും മാനേജ്മെന്റുകളും സംയുക്തമായി സ്കോളർഷിപ്പ് ഏര്‍പ്പെടുത്തിയത്. നീറ്റിലെറാങ്ക്, സാമ്പത്തിക പിന്നോക്കാവസ്ഥ എന്നിവഅടിസ്ഥാനമാക്കിയാണ്  സ്കോളർഷിപ്പ് നല്‍കിയിരുന്നത്.  ഈ രീതിയാണ് ആരോഗ്യവകുപ്പ് മാറ്റം വരുത്തിയത്. സാമ്പത്തിക, സാമൂഹിക പിന്നോക്കാവസ്ഥ അളക്കാന്‍  പുതിയ മാനദണ്ഡം കൊണ്ടുവന്നു. 

വീട്ടില്‍ വൈദ്യുതിയുണ്ടോ,  ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍റോഡുണ്ടോ, പൈപ്പിലൂടെ വെള്ളം ലഭിക്കുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് വിദ്യാര്‍ഥികള്‍ ഉത്തരം നല്‍കേണ്ടത്. ഇവയുണ്ടെങ്കില്‍ സാമ്പത്തിക സാഹായം ലഭിക്കാനുള്ള അര്‍ഹത നഷ്ടമാകും. പിതാവിന് മാരക രോഗമുണ്ടെങ്കില്‍ അത് അര്‍ഹതാ മാനദണ്ഡമായി  കണക്കാക്കും. എന്നാല്‍പിതാവ് മരിച്ചാല്‍ കണക്കാക്കുകയുമില്ല. 

 4.64 ലക്ഷം മുതല്‍ അഞ്ചര ലക്ഷം വരെയാണ് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ വാര്‍ഷിക ഫീസ്. സ്കോളർഷിപ്പ് മുന്നില്‍കണ്ട് കടം വാങ്ങി എം.ബി.ബി.എസ്സിന് ചേര്‍ന്നവരാണ് ഇപ്പോള്‍പെരുവഴിയിലായത്. സ്കോളർഷിപ്പിനായി 150ലേറെ മെഡിക്കല്‍വിദ്യാര്‍ഥികള്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍കയറിയിറങ്ങുമ്പോള്‍, കുട്ടികളെ സഹായിക്കാനായി  സര്‍ക്കാരും മാനേജ്മെന്റുകളും സ്വരൂപിച്ച കോടികള്‍ ഖജനാവില്‍വിശ്രമിക്കുകയാണ്.