ഹൈക്കോടതി വിധി മെഡിക്കൽ ഫീസ് നിർണയം സങ്കീർണമാക്കും

സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് പുനർ നിർണയിക്കണമെന്ന ഹൈക്കോടതി വിധി മൂന്ന് അധ്യയന വർഷങ്ങളിലെ മെഡിക്കൽ ഫീസ് നിർണയം സങ്കീർണമാക്കും. സ്വാശ്രയ മെഡിക്കൽ വിദ്യാർഥികളെ കുഴക്കുന്ന സാഹചര്യമാണ് ഉടലെടുക്കുന്നത്. വിധി കിട്ടിയ ശേഷം തുടർനടപടി തീരുമാനിക്കുമെന്ന് ജസ്റ്റിസ് ആർ.രാജേന്ദ്രബാബു കമ്മിറ്റി  അറിയിച്ചു. 

അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ച ശേഷം സ്വാശ്രയ ഫീസ് സംബന്ധിച്ച് തുടർ നടപടി കൈക്കൊള്ളാനാണ് സർക്കാർ ആലോചിക്കുന്നത് .അപ്പീൽ പോകണമോ സാങ്കേതിക പ്രശ്നം പരിഹരിച്ചു ഫീസ് നിശ്ചയിക്കണോ  എന്നതിലാണ് നിയമോപദേശം തേടിയിരിക്കുന്നത് . 

സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 2017–18,2018–19 വർഷങ്ങളിലെ ഫീസ് ഒറ്റ ഉത്തരവിലൂടെയാണ് ഫീസ് നിർണയ സമിതി തീരുമാനിച്ചത് . ഓരോ മെഡിക്കൽ കോളജിനും പ്രത്യേകം ഉത്തരവുകൾ ഇറക്കി.2019–20 വർഷത്തെ ഫീസ് നിശ്ചയിക്കുന്ന ജോലികൾ നടക്കുകയാണ്.     അടുത്ത വർഷത്തെ ഫീസ് നിർണയം , കണ്ണൂർ മെഡിക്കൽ കോളജിൽ നിന്നു പുറത്തായ 150 വിദ്യാർഥികളുടെ ഫീസ് തിരികെ വാങ്ങി നൽകേണ്ട ചുമതല എന്നിവ സമിതിക്കാണ് .   ഇതിനൊപ്പം ഫീസ് പുനർ നിർണയവും  രണ്ട് മാസം കൊണ്ട് പൂർത്തീകരിക്കണം .ഇതിനുള്ള ജീവനക്കാരോ അടിസ്ഥാന സൗകര്യമോ കമ്മിറ്റിക്കില്ല.ഫലത്തിൽ ഫീസ് നിർണയ നടപടികളെല്ലാം കുഴയുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത് .