പാലക്കാട്ട് വാഹന പരിശോധനക്കിടെ സ്വർണവേട്ട; രണ്ടു പേർ പിടിയിൽ

പാലക്കാട്ട് വാഹനപരിശോധനക്കിടെ ഒരു കിലോ 200 ഗ്രാം സ്വർണം എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടി. സ്വര്‍ണക്കടത്തുകാരായ കോഴിക്കോട്, വയനാട് സ്വദേശികളെ കസ്റ്റഡിയിലെടുത്ത് കസ്റ്റംസിന് കൈമാറി. ദ്രാവക രൂപത്തിലുളള സ്വര്‍ണം ഷാര്‍ജയില്‍ നിന്ന് തമിഴ്നാട്ടിലെ തിര‌ുച്ചിറ പളളി വിമാനത്താവളം വഴിയാണ് കൊണ്ടുവന്നത്.

വയനാട് മുപ്പൈനാട് പാലപ്പെട്ടിയില്‍ അബ്ദുല്‍ ജസീര്‍, കോഴിക്കോട് കാരന്തൂര്‍ സ്വദേശി അജനാസ് എന്നിവരാണ് സ്വര്‍ണക്കടത്തിന് പിടിയിലായത്. ദേശീയപാതയിൽ കഞ്ചിക്കോട് കുരുടിക്കാട് എക്സൈസ് സ്െപഷല്‍ സ്ക്വാഡ് നടത്തിയ വാഹനപരിശോധനക്കിടെ കോഴിക്കോട് റജിസ്ട്രേഷനിലുളള കാര്‍ പിടികൂടുകയായിരുന്നു. കാര്‍ പരിശോധിച്ചപ്പോള്‍ അതിവിദഗ്ധമായി ഒളിപ്പിച്ചുവച്ച ഒരു കിലോ 200 ഗ്രാം സ്വര്‍ണം കണ്ടെത്തി. ഗര്‍ഭനിരോധന ഉറയില്‍ ദ്രാവകരൂപത്തിലുളള സ്വര്‍ണം നിറച്ചശേഷം കറുത്തടേപ്പുകൊണ്ട് പൊതിഞ്ഞിരുന്നു. അടിവസ്ത്രത്തിനുളളിലെ പ്രത്യേക അറയിലും മറ്റുമാണ് ഇവ സൂക്ഷിച്ചിരുന്നത്. ഷാര്‍ജയില്‍ നിന്ന് തമിഴ്നാട്ടിലെ തിരുച്ചിറപ്പളളി വിമാനത്താവളം വഴിയാണ് സ്വര്‍ണം എത്തിച്ചത്. വയനാട്ടുകാരനായ അബ്ദുല്‍ ജസീര്‍ കഴിഞ്ഞ മാസം കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് ഷാര്‍ജയിലേക്ക് പോയത്. അബ്ദുല്‍ ജസീറിനെ തിരുച്ചിറപ്പളളിയില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാന്‍ കോഴിക്കോട് നിന്ന് വാഹനവുമായി പോയതാണ് അജനാസ്. അബ്ദുല്‍ ജസീര്‍ വിമാനത്താവളം വഴി സ്ഥിരം സ്വര്‍ണം കടത്തിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്.

അറബി ഭാഷയില്‍ എഴുതിയ കുറിപ്പുകളും ഇവരില്‍ നിന്ന് കണ്ടെടുത്തു. വിശദമായ അന്വേഷണത്തിന് പിടിയിലായവരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.