പൊലീസിന് മജിസ്റ്റീരിയൽ അധികാരം; ഐഎഎസ്-ഐപിഎസ് തർക്കം മുറുകുന്നു

പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കാനുള്ള നീക്കത്തിനെതിരെ ഐ.എ.എസ്. അസോസിയേഷന്‍ രംഗത്ത്.  അസോസിയേഷന്റെ എതിര്‍പ്പ്  ചീഫ്സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചു. പൊലീസിനു ലഭിക്കുന്ന മജിസ്റ്റീരിയല്‍ പദവി പരിമിതമായ അധികാരത്തിലൊതുക്കുമെന്നാണ് സൂചന. 

ഒരിടവേളയ്ക്കു ശേഷമാണ് ഐ.എ.എസ്.–ഐ.പി.എസ് അധികാര തര്‍ക്കമുണ്ടാകുന്നത്.  പുതിയതായി രുപീകരിക്കുന്ന മെട്രോപൊളിറ്റന്‍ പൊലീസ് കമ്മിഷണറേറ്റിനു മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ തര്‍ക്കം. കലക്ടര്‍ക്കുണ്ടായിരുന്ന അധികാരം കമ്മിഷണര്‍ക്കു ലഭിക്കുന്നതിലുള്ള അസ്വസഥത മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ചീഫ് സെക്രട്ടറിയെ രേഖാമൂലം തന്നെ അറിയിക്കുകയായിരുന്നു. ശക്തമായ ഇടപെടലാണ് ഐ.എ.എസ് അസോസിയേഷന്‍ ഇക്കാര്യത്തില്‍ ആവശ്യപ്പെടുന്നത്. ചീഫ് സെക്രട്ടറി ഐ.എ.എസ് അസേസിയേഷന്‍ വികാരം  മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഐ.എ.എസ് വികാരം കൂടി കണക്കിലെടുത്തുള്ള നടപടി ക്രമങ്ങളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.  

ക്രമസമാധാനചുമതലയുമായി ബന്ധപ്പെട്ട സി.ആര്‍.പി.സി 107, 109 എന്നീ വകുപ്പുകളും ഗൂണ്ടാ ആക്ടിലും മാത്രമായി കമ്മീഷണറേറ്റ്് അധികാരം ചുരുങ്ങുമെന്നാണ് സൂചന. ആയുധലൈസന്‍സ്, എക്സ്പ്ലോസീവ് ലൈസന്‍സ് തുടങ്ങി ഭരണപരമായുള്ള നടപടിക്രമങ്ങളെല്ലാം കലക്ടര്‍മാരില്‍ നിലനിര്‍ത്താനുള്ള സാധ്യതയും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപദേശകരായ രമണ്‍ ശ്രീവാസ്തവ, എന്‍.കെ.ജയകുമാര്‍ എന്നിവരുടെ പിടിവാശിയാണ്  കമ്മിഷണര്‍മാര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതിനു പിന്നിലെന്നാണ് ഉദ്യോഗസ്ഥരുടെ ആക്ഷേപം. എന്നാല്‍അധികാരം വിട്ടു നല്‍കാനുള്ള മടിയാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്നാണ് ഐ.പി.എസ് വാദം