'മഴയത്ത് ഒരുകുടക്കീഴിൽ; അന്ന് പത്രത്തിൽ വന്ന ചിത്രം'; കഥ പറഞ്ഞ് ഐഎഎസ് ഉദ്യോഗസ്ഥ

പ്രണയത്തിന്റെ മനോഹരമായ ഓർമകൾ എപ്പോഴും നമുക്ക് പ്രിയപ്പെട്ടതായിരിക്കും. അത്തരത്തിൽ ഒരോർമ പങ്കുവയ്ക്കുകയാണ് ഐഎഎസ് ഓഫിസറായ ചാന്ദ്നി ചന്ദ്രൻ. 2015ലെ സിവിൽ സർവീസ് പരീക്ഷയുടെ ഫലം വന്നപ്പോൾ സുഹൃത്ത് അരുൺ സുദർശനൊപ്പം മഴയിൽ ഒരു കുടക്കീഴിൽ നടന്നു നീങ്ങുന്ന ചിത്രമാണ് ചാന്ദ്നി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. പ്രണയിച്ച ആളോടൊപ്പം കൈകോർത്ത് നടന്നിരുന്ന ആർക്കും ഈ ചിത്രത്തിന്റെ അർഥം മനസ്സിലാകും എന്ന കുറിപ്പോടെയാണ് ചാന്ദ്നി ചിത്രം പങ്കുവച്ചത്. 

ചിത്രത്തിനു പിന്നിലെ രസകരമായ കഥ ചാന്ദ്നി പറയുന്നത് ഇങ്ങനെ: ‘2016 മെയ് 10. സിവിൽ സർവീസ് പരീക്ഷയുടെ ഫലം പുറത്തു വന്നു. എനിക്ക് നേടാൻ സാധിച്ചില്ല. അതിന്റെ മാനസിക സമ്മർദം ഒഴിവാക്കുന്നതിനായി മിസ്റ്റർ അരുൺ സുദർശനൊപ്പം ഞാൻ പുറത്തു പോയി.’–ചാന്ദ്നി കുറിച്ചു.

2017ൽ ചാന്ദ്നി ഐഎഎസ് നേടിയെടുത്തു. നിലവിൽ ത്രിപുരയിലെ കാഞ്ചൻപൂരിൽ സബ്ഡിവിഷനൽ മാജിസ്ട്രേറ്റാണ് ചാന്ദ്നി ചന്ദ്രൻ. അന്ന് യുപിഎസ്‌സി ഫലപ്രഖ്യാപനത്തിന്റെ വാർത്ത ദേശീയ മാധ്യമത്തിൽ വന്നപ്പോൾ നൽകിയ ഫോട്ടായാണ് ഇതെന്നും ചാന്ദ്നി കുറിപ്പിൽ പറയുന്നുണ്ട്. ഐഎഎസ് ഫലപ്രഖ്യാപന വാർത്തയ്ക്കൊപ്പം ടൈംസ് ഇന്ത്യ നൽകിയത് ഈ ചിത്രമായിരുന്നു. ‘ഇരുവരും ഒരു കുടക്കീഴിൽ നടന്നു നീങ്ങുന്നതായിരുന്നു ചിത്രം. അന്ന് ഞങ്ങൾ വിവാഹിതരായിരുന്നില്ല. ചിത്രം വന്നപ്പോൾ  അരുൺ  പത്ര ഓഫിസിൽ വിളിച്ചു പരാതി പറഞ്ഞു. അത്യാവശ്യഘട്ടങ്ങളിൽ ഇങ്ങനെ സ്നഹേത്തോടെ ഒരു കുടക്കീഴിൽ നടന്നു നീങ്ങാൻ ആരെങ്കിലും ഉണ്ടെങ്കിൽ ഞാൻ സന്തോഷവതിയായിരിക്കും. എനിക്ക് ഏത് ലക്ഷ്യസ്ഥാനത്തേക്കും നടന്നു നീങ്ങാൻ സാധിക്കും.’– ചാന്ദ്നി പറയുന്നു. 

അന്ന് ആ ചിത്രം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടാലുണ്ടാകുന്ന പ്രശ്നങ്ങൾ ഭയന്നായിരുന്നു പത്ര ഓഫിസിലേക്കു വിളിച്ചത്. അടുത്തിടെ ഈ ഫോട്ടോ കണ്ടപ്പോൾ കൗതുകം തോന്നിയതിനാലാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്യാൻ തീരുമാനിച്ചതെന്നും ചാന്ദ്നി പറയുന്നു. പിന്നീട് ഭർത്താവ് അരുൺ ഈ ചിത്രത്തിന്റെ യഥാർഥ ഫോട്ടോ ലഭിക്കാൻ ഫോട്ടോഗ്രാഫറെ ബന്ധപ്പെട്ടിരുന്നു. അദ്ദേഹം വളരെ സന്തോഷത്തോടെ ഈ ഫോട്ടോ അയച്ചതായും ചാന്ദ്നി വ്യക്തമാക്കി. ചാന്ദ്നി ഫോട്ടോയ്ക്കു പിന്നിലെ രസകരമായ കഥ പങ്കുവച്ചതോടെ സോഷ്യൽ മീഡിയയിൽ ചിത്രം വൈറലായി.  നിരവധി പേർ കമന്റുകളുമായി എത്തി. മനോഹരമായ പ്രണയകഥ എന്നായിരുന്നു പലരുടെയും കമന്റ്.