വായു ചുഴലിക്കാറ്റ്; സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ജാഗ്രത

വായു ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തിരുവനന്തപുരം വലിയതുറയിലും ചെല്ലാനത്തും കടലാക്രമണം രൂക്ഷമായി. മലപ്പുറം ആനങ്ങാടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. സംസ്ഥാനത്ത് നാളെ വരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 

വായു ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കലിതുള്ളി കടല്‍. മലപ്പുറം പരപ്പനങ്ങാടിക്കടുത്ത്  ആനങ്ങാടിയില്‍ കടലില്‍  കുളിക്കാനിറങ്ങിയ  യുവാവിന്റെ മൃതദേഹം കണ്ടെത്തി.  കലന്തത്തിന്റെപുരയ്ക്കല്‍ സലാമിന്റെ മകന്‍ മുസമ്മലാണ് മരിച്ചത്. 

മത്സ്യത്തൊഴിലാളികള്‍ക്ക് കോസ്റ്റ് ഗാര്‍ഡ് തുടര്‍ച്ചയായി മുന്നറിയിപ്പു നല്കുന്നു. വായു  ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്കാണ് നീങ്ങുന്നത്.  13ന് പുലര്‍ച്ചെ പോര്‍ബന്ദര്‍ മഹുവ തീരത്ത് പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. മണിക്കൂറിൽ 135 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശാൻ സാധ്യത ഉള്ളതിനാൽ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള ഒരുക്കങ്ങൾ നടത്താൻ ജില്ലാ ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടു. ദേശീയ ദുരന്ത നിവാരണ സേനയുടെ 15 കമ്പനികളെ സൗരാഷ്ട്ര, കച്ച്  തീരപ്രദേശങ്ങളിൽ വിന്യസിച്ചു. 

ചുഴലിക്കാററിന്റെ സഞ്ചാര പാതയില്‍ കേരളം ഇല്ലെങ്കിലും   മിക്കയിടങ്ങളിലും അതിശക്തമായ മഴ പെയ്യും. കനത്തമഴയില്‍ കാരാപ്പുഴ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഏതുനിമിഷവും വെള്ളം തുറന്നുവിടാനിടയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഉരുള്‍പൊട്ടല്‍  ഭീഷണിയുള്ളയിടങ്ങളില്‍  ജാഗ്രത പാലിക്കുകയും രാത്രിയാത്ര ഒഴിവാക്കുകയും വേണം.