മഞ്ഞും കുളിരും ഒപ്പം ഗതാഗതക്കുരുക്കും; വീര്‍പ്പുമുട്ടി മൂന്നാർ

മഴക്കാലമെത്തിയതോടെ  മൂന്നാറിലേയ്ക്ക് മഞ്ഞും കുളിരും തേടിയുള്ള സഞ്ചാരികളുടെ കടന്നുവരവേറി. ഇതോടെ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ് മൂന്നാര്‍. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന്  ഇടമില്ലാത്തതാണ് ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണം.

കടുത്ത ചൂടിന് ആശ്വാസം പകര്‍ന്ന് മഴയെത്തിയതോടെ  മൂന്നാറിലേയ്ക്ക് സഞ്ചാരികളുടെ കടന്നുവരവും വര്‍ദ്ധിച്ചു. എന്നാല്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിനാല്‍ സഞ്ചാരികള്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.  തിരക്കേറിയതോടെ  ഏറ്റവും വലിയ പ്രതിസന്ധി ഗതാഗതക്കുരുക്കാണ്. ഏറ്റവും തിരക്ക്  മാട്ടുപ്പെട്ടി റൂട്ടിലും. മണിക്കൂറുകളോളം ഇങ്ങനെ വഴിയില്‍ കുടുങ്ങിക്കിടക്കേണ്ട സ്ഥിതിയാണ് യാത്രക്കാര്‍ക്കെല്ലാം.

 മൂന്നാറിലെ ഗതാഗതക്കുരുക്കുന് പരിഹാരം കാണണമെന്ന നാട്ടുകാരുടെയും വ്യാപാരികളുടേയും ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.   നൂറ്കണക്കിന്  വാഹനങ്ങള്‍ വഴിയോരത്താണ് നിര്‍ത്തിയിടുന്നത്. മൂന്നാറിലെ അനധികൃത പാര്‍ക്കിങ്ങും, പാത കയ്യേറിയുള്ള വഴിയോര കച്ചവടവും അവസാനിപ്പിച്ചാലെ പ്രശ്ന പരിഹാരമുണ്ടാകു.