മുടക്കാന്‍ നോക്കിയാൽ ഞാൻ നാട്ടുകാരെയും കൂട്ടി കുത്തിയിരിക്കും; രമ്യയുടെ 2,85,000 സ്വപ്നങ്ങള്‍

ഇൗ തിരഞ്ഞെടുപ്പില്‍ ഞാന്‍ പാട്ടുംപാടി ജയിക്കുമെന്ന് പല സ്ഥാനാര്‍ഥികളും അവകാശപ്പെടാറുണ്ടെങ്കിലും കൃത്യമായി നടപ്പിലാക്കി കാണിച്ച സ്ഥാനാര്‍ഥി ആലത്തൂരിലെ യുഡിഎഫ് വിജയി രമ്യാ ഹരിദാസാണ്. ഇടതുകോട്ടയില്‍ നേടിയ അട്ടിമറി വിജയത്തിന് പിന്നാലെ സ്വപ്നങ്ങള്‍ പങ്കുവയ്ക്കുകയാണ് രമ്യ. പണി മുടങ്ങിക്കിടക്കുന്ന മണ്ണുത്തി–വടക്കഞ്ചേരി ദേശീയപാതയിലെ മേൽപാലം, ആറുവരിപ്പാത എന്നിവ ഒരു വർഷത്തിനകം പൂർത്തീകരിക്കുമെന്നാണ് ആലത്തൂരിലെ നിയുക്ത എംപി രമ്യ ഹരിദാസിന്റെ ആദ്യ ലക്ഷ്യം. ഇക്കാര്യത്തില്‍ പല തടസ്സങ്ങളുണ്ടെന്നറിയാം, കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണെന്നും അറിയാം. പക്ഷേ, ഞാൻ പിന്നാലെ ഉണ്ടാകും. മുടക്കാനാണു ശ്രമമെങ്കിൽ ഞാനും നാട്ടുകാരും അവിടെ ചെന്നു കുത്തിയിരിക്കുമെന്നും രമ്യ മനോരമയോട് പറഞ്ഞു.  

ആലത്തൂരിന് താന്‍ ഒരിക്കലും പാര്‍ട് ടൈം മെംബര്‍ ആയിരിക്കില്ലെന്ന് രമ്യ ഉറപ്പുപറയുന്നു.  എപ്പോഴും ജനങ്ങൾക്കു ലഭ്യമാകുന്ന രീതിയിൽ ഉണ്ടാകുെന്നും ഒപ്പം പാടാനും ആടാനും കഴിവുള്ളവരെ കണ്ടെത്തി അതു പഠിക്കാനുള്ള സാഹചര്യം ഇല്ലാത്ത യുവാക്കളെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികൾക്ക് രൂപം നല്‍കുമെന്നും രമ്യ പറയുന്നു. കേന്ദ്രസർക്കാരിനു കീഴിൽ പുറനാട്ടുകരയിലെ രാഷ്ട്രീയ സംസ്കൃത സൻസ്ഥാൻ എന്ന കൽപിത സർവകലാശാലയുടെ ഓഫ് ക്യാംപസുകൾ പാലക്കാട് തുടങ്ങും. 

ഇതിനൊപ്പമാണ് രമ്യ മുന്നോട്ട് വയ്ക്കുന്ന  2,85,000 ആശയങ്ങള്‍. തിരഞ്ഞെടുപ്പിൽ മൊബൈൽ സന്ദേശം വഴി വോട്ടു ചോദിച്ച സമയത്തു ജനങ്ങൾക്കു നിർദേശങ്ങൾ നൽകാനുള്ള ഓപ്ഷനും നൽകിയിരുന്നു. 2,85,000 പേരുടെ നിർദേശങ്ങൾ വോയ്സ് റെക്കോർഡായി കൈവശമുണ്ട്. ആലത്തൂരിലെ ജനങ്ങൾ വികസനം എത്രമാത്രം കൊതിക്കുന്നെന്നും അവർക്കു നാടിന്റെ വികസനത്തെക്കുറിച്ച് എത്ര ധാരണയുണ്ടെന്നും അവ കേട്ടാൽ അറിയാമെന്നും അതില്‍ മികച്ചത് നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും എംപി പറയുന്നു. 

രമ്യയുടെ ലക്ഷ്യങ്ങളിങ്ങനെ: 

പാലക്കാട്ടുകാർ ഏറെ ആശ്രയിക്കുന്ന തൃശൂർ മെഡിക്കൽ കോളജ് ആലത്തൂർ മണ്ഡലത്തിലാണ്. മെഡിക്കൽ കോളജിന്റെ സമഗ്ര വികസനം ഉറപ്പാക്കും. ഒപ്പം കേന്ദ്രസർക്കാരിന്റെ വിവിധ ആരോഗ്യ പദ്ധതികൾ മണ്ഡലത്തിലെ എല്ലാ ജനങ്ങൾക്കും ഉറപ്പാക്കും‌.

∙ കർഷകർക്കു കേന്ദ്രത്തിൽനിന്നു കിട്ടാനുള്ള എല്ലാ പദ്ധതികളും സഹായങ്ങളും വാങ്ങിയെടുക്കും.

∙ തൃശൂർ മെഡിക്കൽ കോളജിലെത്തുന്നവരുടെ സൗകര്യത്തിനായി മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷനെ തൃശൂർ റെയിൽവേ സ്റ്റേഷന്റെ സാറ്റലൈറ്റ് സ്റ്റേഷനായി ഉയർത്തും. മണ്ഡലത്തിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളും നവീകരിക്കാൻ ശ്രമം. പാലക്കാട്–പൊള്ളാച്ചി റെയിൽവേ പാതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കും.

∙ തൃശൂരിനോടു ചേർന്ന നഗരസമീപ മേഖല, പാലക്കാട്ടെ കാർഷിക മേഖല, വള്ളുവനാട് മേഖല; എന്നിങ്ങനെ മൂന്നു പ്രദേശങ്ങൾക്കായി വ്യത്യസ്ത വികസന പദ്ധതികൾ തയാറാക്കും.

∙ കടുത്ത ജലക്ഷാമം നേരിടുന്ന ചിറ്റൂർ ബ്ലോക്കിനു വേണ്ടി പ്രത്യേക ജലനയം. 2000 ഏക്കറോളം ജലസംഭരണം ഉറപ്പാക്കുന്ന പ്രത്യേക പദ്ധതി. രാജ്യത്തെ മികച്ച വിദഗ്ധരെ ഉൾപ്പെടുത്തി ജലപ്രതിസന്ധിയെക്കുറിച്ചു പഠനം.

∙ അന്തർ സംസ്ഥാന നദീജല കരാറുകളുടെ കാര്യത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി നടത്തുന്ന ഇടപെടലുകൾക്കു പിന്തുണ.

∙ തക്കാളി, വെണ്ടയ്ക്ക പോലെയുള്ള പച്ചക്കറികൾ സൂക്ഷിച്ചു വിപണനം ചെയ്യുന്നതിനു ശീതീകരണ സംവിധാനങ്ങൾ ഏർപ്പെടുത്തും.

∙ കർഷകരുടെ പട്ടയ പ്രശ്നത്തിൽ കേന്ദ്ര സർക്കാരിനെക്കൊണ്ട് ഇടപെടൽ നടത്തും.

∙ പറമ്പിക്കുളം, നെല്ലിയാമ്പതി എന്നിവിടങ്ങളിലെ ഗതാഗത പ്രശ്നം ഉൾപ്പെടെ പരിഹരിക്കാൻ പ്രത്യേക പാക്കേജ്.

∙ പട്ടികജാതി–പട്ടികവർഗ മാതൃകാ കോളനികൾ വികസിപ്പിക്കും.