ബോംബിൽ കുലുങ്ങാത്തത് ഇന്ന് രാത്രി അറുത്തുമാറ്റും; നാഗമ്പടം പാലം ചരിത്രത്തിലേക്ക്

കരുത്തിന്റെ പ്രതീകമായി മാസങ്ങൾക്കുള്ളിൽ മലയാളി മനസിൽ ഇടം നേടിയ രണ്ടുപാലങ്ങൾ. ഒന്ന് മഹാപ്രളയത്തിലെ മലവെള്ളപ്പാച്ചിലിൽ പോലും പിടിച്ചുനിന്ന ചെറുതോണിപ്പാലം. രണ്ടാമത്. രണ്ടുതവണ ബോംബ് വച്ച് തകർക്കാൻ ശ്രമിച്ചിട്ടും തകരാതിരുന്ന കോട്ടയം നാഗമ്പടം പാലം. ട്രോളുകളിലൂടെ ഹീറോയായ നാഗമ്പടം പാലത്തെ ഇന്ന് രാത്രി 12 മണിമുതൽ അറുത്തുമാറ്റി തുടങ്ങും. ഇത്രയും ബലമുള്ള പാലം എന്തിനാണ് പൊളിക്കുന്നതെന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. ഒരു പകൽ മുഴുവൻ കേരളത്തെ പിടിച്ചിരുത്തിയ പാലം പൊളി പൊളിഞ്ഞത് സൈബർ ഇടങ്ങളിൽ ട്രോളുകളിൽ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബോംബ് വച്ച് തകർക്കാനുള്ള നീക്കം ഉപേക്ഷിച്ച് അതേ കമ്പനി തന്നെ പാലം അറുത്തുമാറ്റാൻ തീരുമാനിച്ചത്

മുൻപത്തെ ശ്രമത്തിൽ പാലം കുലുങ്ങിയില്ലെന്ന് മാത്രമല്ല വലിയ ആഘോഷമാക്കി സംഘടിപ്പിച്ച പദ്ധതി പൊളിഞ്ഞതോടെ റെയിൽവെയും കരാറുകാരും അപഹാസ്യരായി. ഒൻപത് മണിക്കൂർ റെയിൽ ഗതാഗതം തടസപ്പെടുത്തിയതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എന്നാൽ ഇത്തവണ ഏറെ കൂടിയാലോചനകൾക്ക് ശേഷമാണ് പാലം പൊളിച്ചു നീക്കാനുള്ള മാർഗം കണ്ടെത്തിയത്. പാലത്തെ പത്ത് കഷ്ണങ്ങളാക്കി അറുത്ത് മാറ്റാനാണ് തീരുമാനം. 300ടൺ ശേഷിയുള്ള രണ്ട് ക്രെയിനുകൾ പാലത്തിന്റെ ഇരുവശത്തും പ്രവർത്തിപ്പിക്കും. 

പൊളിക്കുമ്പോൾ പാലത്തിന്റെ ഭാഗങ്ങൾ താഴേക്ക് അടർന്നു വീഴാതിരിക്കാൻ ഇരുമ്പ് ബ്ലോക്കുകൾ ഉപയോഗിച്ച് താങ്ങി നിർത്തും. ആദ്യം പാലത്തിന്റെ ആർച്ചുകളായിരിക്കും പൊളിച്ചുമാറ്റുക. 24 മണിക്കൂറിനുള്ളിൽ പാലം നീക്കം ചെയ്യാനാകുമെന്നാണ് റെയിൽവെയുടെ കണക്ക്കൂട്ടൽ. സ്ഫോടനപദ്ധതിക്ക് ചുക്കാൻ പിടിച്ച അതേ കമ്പനിക്ക് തന്നെയാണ് കരാർ നൽകിയിട്ടുള്ളത്. ഇന്ന് അർധരാത്രി മുതൽ നാളെ അർധരാത്രി വരെയാണ് കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തിയത് 21 പാസഞ്ചർ ട്രെയിനുകളും അഞ്ച് എക്സ്പ്ര സ് ട്രെയിനുകളും റദ്ദാക്കി. ദീർഘദൂര ട്രെയിനുകൾ ആലപ്പുഴ വഴി തരിച്ചുവിടാനാണ് തീരുമാനം. അതേസമയം റോഡ് ഗതാഗതത്തിന് തടസമുണ്ടാകില്ലെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. യാത്രക്ലേശം പരിഹരിക്കാൻ കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തുമെന്നും അറിയിച്ചു.