കവി വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് എണ്‍പതാം പിറന്നാൾ; ലളിതമായ ആഘോഷം

പ്രിയ കവി വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് ലളിതമായ എണ്‍പതാം പിറന്നാള്‍. തിരുവനന്തപുരം ഭാരത് ഭവനില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ശിഷ്യരും ചേര്‍ന്നൊരുക്കിയ ഹൃദ്യമായ കൂട്ടായ്മയില്‍ കവിയും കുറച്ചുനേരം പങ്കാളിയായി.

വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ജീവിതം പോലെതന്നെ ലളിതമായ പിറന്നാളാഘോഷം. അശീതി ആശംസകള്‍ നേരാന്‍ രാവിലെ തന്നെ പഴയതമുറയിലെയും പുതുതലമുറയിലെയും ശിഷ്യര്‍ ഒത്തുകൂടി. സുഹൃത്തും സഹപാഠിയുമായ കെ.വി. രാമകൃഷ്ണന്റെ അധ്യക്ഷതയിലായിരുന്നു യോഗം. കവിയുടെ നാട്ടുകാരന്‍ കൂടിയായ പ്രഭാവര്‍മയായിരുന്നു മുഖ്യപ്രഭാഷകന്‍. സാര്‍ഥകമായ ആ കാവ്യജീവിതത്തിനപ്പുറം കവിയുടെ വിശ്വമാനവ ദര്‍ശനം പ്രഭാവര്‍മ എടുത്തകാട്ടി. കവിതാലാപനമായിരുന്നു മധുസൂദനനന്‍ നായരുടെ പിറന്നാളാശംസ

ഉച്ചയ്ക്ക്ശേഷം മകള്‍ അദിതി രചിച്ച വൈകിയോ ഞാന്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ മുത്തച്ഛന്‍ കീരവള്ളി വി. നാരായണന്‍ നമ്പൂതിരിയുടെ ആട്ടക്കഥ ചിത്രകേതുവിജയം പുനഃപ്രകാശനവും ഒപ്പം നിര്‍വഹിച്ചു. വൈകാതെ കവിയും വേദിയിലെത്തി. ശാരീരികാസ്വാസ്ഥ്യങ്ങള്‍ മറന്ന് ശിഷ്യര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം അദ്ദേഹം പിറന്നാള്‍ ദിനം ചെലവിട്ടു. തുടര്‍ന്ന് മകള്‍ അപര്‍ണയുടെ നേതൃത്വത്തില്‍ ചിത്രകേതുവിജയം അരങ്ങേറി.