നഴ്സിങ് പ്രവേശനത്തിൽ ആൺകുട്ടികളോട് വിവേചനമോ? അവസരം നിഷേധിക്കുന്നതായി പരാതി

നഴ്സിങ് പ്രവേശനത്തില്‍ ആണ്‍കുട്ടികള്‍ക്ക് കോളജ് മാനേജ്മെന്റുകൾ അവസരം നിഷേധിക്കുന്നതായി ട്രെയിന്‍ഡ് നഴ്സസ് അസോസിയേഷന്‍. ക്രിസ്ത്യന്‍ സ്വാശ്രയ നഴ്സിങ് കോളജ് അസോസിയേഷന് കീഴിലുള്ള 9 കോളജുകളാണ് നിയമവിരുദ്ധമായി പെണ്‍കുട്ടികള്‍ക്കുമാത്രമായി സീറ്റുകള്‍ സംവരണം ചെയ്തിട്ടുള്ളത്.

ക്രിസ്ത്യന്‍ സ്വാശ്രയനഴ്സിങ് മാനേജുമെന്റ് അസോസിയേഷന് കീഴില്‍ ആകെ 33 കോളജുകളുണ്ട്.നഴ്സിങ് പ്രവേശനത്തിനായി ഇവര്‍ നല്‍കിയ പരസ്യത്തില്‍ 9 കോളജുകള്‍ ഗേള്‍സ് ഒണ്‍ലിയെന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട് ഇത് ചട്ടവിരുദ്ധമാണെന്നാണ് പരാതി.ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നഴ്സിങ് പ്രവേശനത്തില്‍ ഒരു കോളജിലും വിവേചനമോ പ്രത്യേക പരിഗണനയോ ഇല്ലെന്നിരിക്കെ ആണ്‍കുട്ടികളുടെ അവസരം നിഷേധിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് പരസ്യമെന്ന് നഴ്സസ് അസോസിയേഷന്‍ ആരോപിക്കുന്നു

സംസ്ഥാനത്താകെ 127 നഴ്സിങ് കോളജുകളാണുള്ളത്,ഇതില്‍ 110 എണ്ണം സ്വാശ്രയകോളജുകളാണ്.സര്‍ക്കാര്‍ കോളജുകളിലും സ്വകാര്യകളജുകളിലും ആണ്‍പെണ്‍ വിവേചനം പ്രവേശനത്തില്‍ പാടില്ലെന്ന കോടതിവിധി നിലനില്‍ക്കെയാണ് 9 കോളജുകള്‍ ചട്ടംലംഘിച്ചിരിക്കുന്നത്.