ബോംബാക്രമണത്തിന് മുൻപ് മുന്നറിയിപ്പ്; വാഹനം മറ്റൊരിടത്തേക്ക് മാറ്റി: ഷാലറ്റിന്റെ കുടുംബം

കണ്ണൂർ പിലാത്തറയിലെ ബോംബാക്രമണത്തിൽ പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ഷാലറ്റിന്റെ ഭർത്താവ് ബിനു സെബാസ്റ്റ്യൻ. വോട്ട് അഭ്യർഥിച്ചിട്ടില്ലെന്നും അഭിനന്ദിക്കുക മാത്രമാണ് ചെയ്തതെന്നും ഷാലറ്റിന്റെ വീട് സന്ദർശിച്ച യുഡിഎഫ് സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ബോംബാക്രമണമുണ്ടായ ഷാലറ്റിന്റെയും യു.ഡി.എഫ്. ബൂത്ത് ഏജന്റ് വി.ടി.വി.പത്മനാഭന്‍റെയും വീടുകളിൽ ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും പൊലീസും പരിശോധന നടത്തി. 

ബൂത്തിലെത്തി വോട്ട് അഭ്യർഥിച്ചെന്ന എൽഡിഎഫ് ആരോപണം നുണയാണെന്ന് ആവർത്തിച്ച രാജ് മോഹൻ ഉണ്ണിത്താൻ ടി.വി.രാജേഷാണ് തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതെന്ന് പറഞ്ഞു.

പൊലീസ് മുന്നറിയിപ്പ് പ്രകാരം വീട്ടിലുണ്ടായിരുന്ന വാഹനം മറ്റൊരിടത്തേക്ക് മാറ്റിയിരുന്നുവെന്ന് ഷാലറ്റിന്റെ കുടുംബം വെളിപ്പെടുത്തി.ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചു. വീടിന് ഏർപ്പെടുത്തിയിരുന്ന പൊലീസ് കാവൽ പിൻവലിച്ചത്  വീട്ടുകാരുടെ ആവശ്യപ്രകാരമാണെന്ന് കുടുംബം പറയുന്നു.

അതേസമയം പത്മനാഭന്റെ വീടിന് പൊലീസ് കാവൽ ഉണ്ടായിരുന്നില്ല. വലിയ സ്റ്റീൽ ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടു വീട്ടിലും ആക്രമണം നടത്തിയത് ഒരേ സിപിഎം സംഘമാണെന്ന് കോൺഗ്രസ് ആരോപിച്ചു.