പാതിവിലക്ക് വീട് വാങ്ങാമെന്ന് പറഞ്ഞയാൾ വാക്കുമാറി; കണക്കുകൂട്ടലുകൾ തെറ്റിയത് ഇങ്ങനെ

വീട് വാങ്ങാമെന്നുറപ്പ് നൽകിയ ബാലരാമപുരം സ്വദേശി വാക്കുമാറിയതോടെയാണ് ഒരു കുടുംബത്തിന്റെ നിലനിൽപ്പിനായുള്ള കണക്കുകൂട്ടലുകൾ തകിടം മറിഞ്ഞത്. 45 ലക്ഷം രൂപ വിലപറഞ്ഞ സ്ഥലവും വീടും ഒടുവിൽ 23 ലക്ഷം രൂപക്ക് വിൽക്കാൻ ചന്ദ്രനും കുടുംബവും തയ്യാറായിരുന്നു. സമീപവാസിയായ ഒരു ബ്രോക്കർ വഴി ബാലരാമപുരം സ്വദേശി വാങ്ങാമെന്നും ഏറ്റും. ഈ ഉറപ്പിലാണ് കഴിഞ്ഞ വെള്ളിയാഴ്ച അഭിഭാഷക കമ്മീഷണറും സംഘവും ജപ്തി നടപടികൾക്കായി എത്തിയപ്പോൾ പതിന്നാലാം തിയതി വരെ സാവകാശം ചോദിച്ചത്. 

ബാലരാമപുരം സ്വദേശി കമ്മീഷണറോട് വീടും സ്ഥലവും വാങ്ങുമെന്ന് ഉറപ്പ് നൽകിയതായി സമീപവാസി സെബാസ്റ്റ്യൻ പറഞ്ഞു. അവധി തീരുന്ന അവസാന ദിവസമായ ഇന്നലെ കച്ചവടം ഉഴപ്പിയെന്ന് നാട്ടുകാർ പറയുന്നു. കുടുംബത്തിന്റെ പ്രതിസന്ധി മുതലെടുത്ത് വില വീണ്ടും കുറയുമോ എന്നായിരിക്കാം വാങ്ങുന്നയാൾ നോക്കിയിരുന്നതെന്നും സെബാസ്റ്റ്യൻ പറയുന്നു. 

ഗൾഫിൽ നിന്ന് ചന്ദ്രൻ സമ്പാദിച്ച 12 ലക്ഷം രൂപയും വായ്പയെടുത്ത 5 ലക്ഷം രൂപയും ചേർത്താണ് വീട് പണിത്. സമീപത്തുള്ള ചെറിയ സ്ഥലങ്ങൾ പോലും 27 ലക്ഷത്തിന് പോയപ്പോഴാണ് കണ്ണായ ഈ സ്ഥലം 24 ലക്ഷത്തിന് വിൽക്കാൻ അവർ തയ്യാറായതെന്നും സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടുന്നു.

പുതിയ വീട് പണിത് പുതിയ സ്വപ്നങ്ങളുമായി സന്തോഷത്തോടെ ജീവിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഈ കുടുംബം. വിധി ഇങ്ങനെയാകുമെന്ന് കരുതിയില്ലെന്ന് ചന്ദ്രൻ പറയുന്നു. ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരികെ എത്തിയതോടെ ജീവിതം തന്നെ ബുദ്ധിമുട്ടിലായി. കാര്‍പെന്റർ ജോലി ചെയ്താണ് വീട്ടുകാര്യങ്ങൾ നടത്തിയിരുന്നത്. വീട്ടുചെലവിനും മകളുടെ പഠനത്തിനുമൊപ്പം വായ്പയടക്കാനുള്ള തുകയും കണ്ടെത്തേണ്ടിയിരുന്നു. 

വായ്പാ തിരിച്ചടവിന് ഇടക്ക് തടസ്സമുണ്ടായപ്പോൾ ജപ്തി ഭീഷണി ഉണ്ടായി. പതിനഞ്ച് വർഷം മു‍ൻപെടുത്ത അഞ്ച് ലക്ഷം രൂപയുടെ ലോണിന് എട്ടുലക്ഷത്തോളം ഇതുവരെ ബാങ്കിലടച്ചു. ഇനിയും ഏഴുലക്ഷം കൂടി അടയ്ക്കണമെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. പണം അടയക്കേണ്ട അവസാന ദിവസം ചൊവ്വാഴ്ചയായിരുന്നു. 

സി കെ ഹരീന്ദ്രൻ എംഎൽഎ ഇടപെട്ട് സ്റ്റേ വാങ്ങിയത് ആശ്വാസകരമായിരുന്നു. പക്ഷേ എല്ലാം തകിടം മറിഞ്ഞുവെന്ന് ചന്ദ്രൻ കൂട്ടിച്ചേർത്തു. മോഹിച്ചുവെച്ച വീട് നഷ്ടപ്പെടുമെന്ന ഭയവും കിടപ്പാടം പോകുമെന്ന വേദനയും ഭാര്യയെയും മകളെയും നിരന്തരം അലട്ടിയിരുന്നു. ജപ്തി തടയുന്നതിനായി ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങാൻ അഭിഭാഷകനെ ചുമതലപ്പെടുത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. 

ജീവനോളം സ്നേഹിച്ച ഭാര്യയുടെയും മകളുടെയും വിയോഗത്തിൽ തകർന്ന ചന്ദ്രൻ നാട്ടുകാരെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി. മകൾ പഠിച്ച് ജോലി കിട്ടുമ്പോഴേക്ക് എല്ലാ ബുദ്ധിമുട്ടുകളും മാറുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു കുടുംബം.