ബാങ്കിനെതിരെ പ്രതിഷേധം തണുത്തു; രോഷം വീട്ടുകാരോട്

നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യയിലുണ്ടായ അപ്രതീക്ഷിത വഴിത്തിരിവ് കാനറ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരായ പ്രതിഷേധം തണുപ്പിച്ചു. ബാങ്ക് ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തുന്നത്. ഇതോടെ നാട്ടുകാരുടെ പ്രതിഷേധം വീട്ടുകാരോടായി.

ആത്മഹത്യാക്കുറിപ്പ് കണ്ടെത്തും വരെ ശക്തമായ പ്രതിഷേധമാണ് കാനറ ബാങ്ക് ശാഖകള്‍ക്കെതിരെ ഉയര്‍ന്നത്. തിരുവനന്തപുരം നഗരത്തിലെ  റീജണല്‍ ഓഫിസിലേക്ക് തളളിക്കയറിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  റിസപ്ഷന്‍ കൗണ്ടറും ഉപകരണങ്ങളും തല്ലിതകര്‍ത്തു. നെയ്യാറ്റിന്‍കര ശാഖ  രാവിലെമുതല്‍  നാട്ടുകാര്‍ ഉപരോധിച്ചു. ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര, കുന്നത്തുകാല്‍, കമുകിന്‍കോട് ശാഖകള്‍ തുറന്നിരുന്നില്ല. ദേശീയപാതയിലെ ആലുംമൂട് ജങ്ഷനില്‍ റോഡ് ഉപരോധിച്ച നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബാങ്കും വസ്തു ഇടനിലക്കാരനും തമ്മില്‍ ഒത്തുകളിച്ചെന്ന സംശയം പ്രകടിപ്പിച്ച് മന്ത്രി ഇ.പി.ജയരാജനും രംഗത്തെത്തി. 

ഇതിനിടെയാണ് ആത്മഹത്യാക്കുറിപ്പ് പുറത്തായത്. വീട്ടുകാര്‍ തന്നെയാണ് ഉത്തരവാദികളെന്ന് മനസിലാക്കിയതോടെ ബാങ്കിനെതിരായ പ്രതിഷേധം മയപ്പെടുത്തി. അതേസമയം, ബാങ്കിന്റെ ഭാഗത്തുനിന്ന് സമ്മര്‍ദമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളും പുറത്തുവന്നു. അഭിഭാഷക കമ്മിഷന്‍ ഇന്നലെ പണം തിരിച്ചടക്കണമെന്ന് എഴുതി വാങ്ങിയ രേഖയില്‍ മകള്‍ വൈഷ്ണവിയെക്കൊണ്ടും ഒപ്പിടീപ്പിച്ചിട്ടുണ്ട്. വായ്പ ഇടപാടില്‍ കക്ഷി അല്ലാതിരുന്നിട്ടും വൈഷ്ണവിയുടെ ഒപ്പിടീച്ചത് സമ്മര്‍ദത്തിന്റെ ഭാഗമാണെന്നാണ് ആരോപണം.