തൊടുപുഴയിലെ ഏഴുവയസുകാരന്റെ കൊലപാതകം; 'കണ്ണീർ കാഴ്ച'യായി ആൽബം

തൊടുപുഴ കുമാരമംഗലത്ത്  അമ്മയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ ഏഴുവയസുകാരന്റെ നൊമ്പര കഥ സംഗീത ആല്‍ബമായി പൂനരാവിഷ്ക്കരിച്ച് യുവാക്കള്‍. നമ്മുടെയെല്ലാം കണ്ണു നനയിച്ച സംഭവങ്ങള്‍ കോര്‍ത്തിണക്കിയ ആല്‍ബത്തിന്റെ പേര്  കണ്ണീര്‍ കാഴ്ച്ചയെന്നാണ്. 

കുമാരമംഗലത്ത് കൊല്ലപ്പെട്ട ഏഴു വയസുകാരന്‍ അനുഭവിക്കേണ്ടി വന്ന വേദനകളും അവന്റെ മരിച്ചു പോയ പിതാവിനോടുള്ള സ്നേഹത്തിന്റെ ഊഷ്മളതയുമെല്ലാം വരികളിലും ദൃശ്യങ്ങളിലും നിറയുന്നു.  

കൊലപാതക കേസിലെ രണ്ടാം പ്രതിയായ  അമ്മയും ഒന്നാം പ്രതിയായ സുഹൃത്ത് അരുണ്‍ ആനന്ദുമെല്ലാം അഭിനേതാക്കളിലൂടെ വീണ്ടും ക്രൂരതയുടെ നേര്‍ക്കാഴ്ച്ചകളിലേയ്ക്ക് നമ്മെ കൊണ്ടുപോകുന്നു.

യൂറ്റ്യൂബില്‍ റിലീസ് ചെയ്ത  കണ്ണീര്‍ക്കാഴ്ച്ചയെന്ന ഈ ആല്‍ബം  നമ്മുടെയെല്ലാം  കണ്ണു നനയിക്കും.  പ്രതികളുടെ രൂപ സാദൃശയമുള്ളവര്‍ തന്നെയാണ് കഥാപാത്രങ്ങളായി എത്തുന്നത്. ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ റംഷാദ് ബക്കറാണ് ആല്‍ബത്തിന്റെയും സംവിധായകന്‍. ഡാവിഞ്ചി സുരേഷാണ്  വരികളെഴുതി സംഗീതം നല്‍കിയത്.  ഏറെ വേദന സഹിച്ച്   മരണത്തിന് കീഴങ്ങിയ നിഷ്ക്കളങ്ക ബാല്യത്തിനുള്ള മലയാള നാടിന്റെ പ്രണാമം കൂടിയായി മാറുന്നു ഈ ഗാനം.