അടിസ്ഥാന സൗകര്യങ്ങളില്ല; ജയിൻ ഹൗസിംഗിന്റെ ഫ്ലാറ്റിനെതിരെ പരാതി

അനധികൃത നിര്‍മാണത്തിന്‍റെ പേരില്‍ സുപ്രീംകോടതി പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട ഫ്ളാറ്റുകളിലൊന്നായ ജയിന്‍ ഹൗസിംഗിന്‍റെ കാക്കനാട്ടെ ഫ്ളാറ്റ് പ്രൊജക്ടിനെതിരെയും പരാതികള്‍ ശക്തമാകുന്നു.  കാക്കനാട്ടെ ജയിന്‍ ടഫ്നാല്‍ ഗാര്‍ഡന്‍സില്‍ ഫ്ളാറ്റ് വാങ്ങിയവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കണമെന്ന കോടതി ഉത്തരവ് പോലും നിര്‍മാതാക്കള്‍ പാലിക്കുന്നില്ലെന്നാണ്  പരാതി. കബളിപ്പിക്കപ്പെട്ട ഫ്ളാറ്റുടമകള്‍ ജയിന്‍ ഹൗസിംഗിനെതിരെ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. 

കാഴ്ചയില്‍ വല്യ ഫ്ളാറ്റാണ്. 19 നിലയൊക്കെയുണ്ട്. ശരാശരി നാല്‍പ്പത് ലക്ഷം രൂപ മുടക്കി ഈ കെട്ടിട സമുച്ചയത്തിലെ ഫ്ളാറ്റ് വാങ്ങിയവരാണ് ഈ ഇരിക്കുന്നവരെല്ലാം. പക്ഷേ ഇവര്‍ താമസം തുടങ്ങിയ കാലം മുതല്‍ ഇവിടെ വെളളമില്ല,മര്യാദയ്ക്കുളള വൈദ്യുതി കണക്ഷനില്ല. എന്തിന് 19 നില കെട്ടിടത്തിലെ ലിഫ്റ്റു പോലും മിക്കപ്പോഴും പ്രവര്‍ത്തിക്കാറില്ല. ഗതികെട്ട ഫ്ളാറ്റുടമകള്‍ നിര്‍മാതാക്കള്‍ക്കെതിരെ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെങ്കിലും ഇത് നടപ്പാക്കാനുമിപ്പോള്‍ ഫ്ളാറ്റ് നിര്‍മാതാക്കള്‍ തയാറാകുന്നില്ല.

ജീവിത സമ്പാദ്യങ്ങള്‍ മുഴുവന്‍ മുടക്കിയും കടം വാങ്ങിയുമെല്ലാം ഫ്ളാറ്റു വാങ്ങിയവര്‍ എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ്. കോടതി ഉത്തരവിനു പോലും പുല്ലുവില കൊടുക്കുന്ന ഫ്ളാറ്റ് നിര്‍മാതാക്കളെ നിലയ്ക്കു നിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു