പത്തനംതിട്ടയിൽ കാണാതായ 23 വോട്ട്; അത്രയും വോട്ടിന് തോറ്റാൽ എന്തുസംഭവിക്കും..?

തിരഞ്ഞെടുപ്പിൽ കേരളം ആകാംക്ഷയോടെ നോക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. മൂന്നു മുന്നണികൾക്കും ഒരുപോലെ പ്രതീക്ഷയും ആശങ്കയും പകരുന്ന മണ്ഡലത്തിൽ പുതിയ ചർച്ച കാണാതായ വോട്ടുകളെ കുറിച്ചാണ്. സംഭവത്തിൽ ഉദ്യോഗസ്ഥരാണ് ഉത്തരവാദിയെന്നാണ് പ്രാഥമിക നിഗമനം. അടൂർ പഴകുളം ആലുമൂട് യുപി സ്കൂളിലെ ബൂത്തിലാണ് വോട്ടുകൾ കാണാതായത്.  തിരഞ്ഞെടുപ്പു ജോലിക്ക് ഉണ്ടായിരുന്ന കെഎസ്ഇബി സീനിയർ സൂപ്രണ്ട് ജില്ലാ വരണാധികാരിക്ക് വിശദീകരണം നൽകിയെങ്കിലും വോട്ടുകൾ കാണാതായതു സംബന്ധിച്ചു കൃത്യമായ മറുപടി വിശദീകരണത്തിൽ ഇല്ലെന്നാണ് സൂചന. 23 വോട്ടുകൾ മെഷീനിൽ രേഖപ്പെടുത്താതെ പോയത്. 

രാവിലെ മുതൽ വോട്ടിങ് യന്ത്രത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും വോട്ടർമാരുടെ തിരക്കിലും ബഹളത്തിലും ബീപ് ശബ്ദം കൃത്യമായി ശ്രദ്ധിക്കാൻ പറ്റിയില്ലെന്നുമാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ വിശദീകരണം. ആദ്യം ഉപയോഗിച്ച യന്ത്രം മോക് പോൾ സമയത്തു തന്നെ കേടായി. പകരം കൊണ്ടുവന്ന യന്ത്രം ഉപയോഗിച്ച് 8.30ന് ആണ് പോളിങ് തുടങ്ങാനായത്. ഇതിന്റെ പേരിൽ വോട്ടർമാർ പോളിങ് ബൂത്തിൽ ബഹളം വച്ചു. പിന്നീട്, വലിയ തിരക്കായി. വോട്ടു ചെയ്യാൻ ആളുകൾ തിരക്ക് കൂട്ടുന്നതിനിടെ എല്ലാ ബീപ് ശബ്ദങ്ങളും ശ്രദ്ധിച്ചില്ലെന്നു ഉദ്യോഗസ്ഥൻ വിശദീകരിച്ചതായാണ് അറിയുന്നത്. പോളിങ് ബൂത്തിൽ എത്തിയവർ വോട്ടു രേഖപ്പെടുത്താതെ മടങ്ങിയതാണ് കാണാതാകലിനു കാരണമായി പറയുന്നത്. 

എന്നാൽ വീണ്ടും വോട്ടെടുപ്പു നടത്തേണ്ട സാഹചര്യമില്ലെന്നു ജില്ലാ വരണാധികാരി പി.ബി.നൂഹ് അറിയിച്ചു. സമാന പ്രശ്നം ഉണ്ടായ മറ്റു ബൂത്തുകളിൽ റീ പോളിങ് നടത്തുന്നില്ല. വോട്ടിങ് യന്ത്രത്തിൽ വോട്ടു ചെയ്തു തുടങ്ങും മുൻപ് 5 ഘട്ടത്തിൽ സുരക്ഷ നടപടികൾ പൂർത്തിയാക്കിയതാണ്. യന്ത്രം കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷം മാത്രമാണ് വോട്ടിങ് തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. 

പഴകുളം ശ്രീകൃഷ്ണവിലാസം യുപി സ്കൂളിലെ 23–ാം ബൂത്തിൽ ആകെയുള്ളത് 1091 വോട്ട്. ഇതിൽ 843 പേർ വോട്ടു ചെയ്യാനെത്തിയതായി തിരഞ്ഞെടുപ്പു റജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വോട്ടിങ് യന്ത്രത്തിൽ 820 വോട്ടുകളുടെ കണക്കേയുള്ളു. സംഭവത്തിൽ യുഡിഎഫും എൽഡിഎഫും റീപോളിങ് ആവശ്യപ്പെട്ടു. 23 വോട്ടിന് ഏതെങ്കിലും സ്ഥാനാർഥി തോറ്റാൽ മാത്രം റീ പോളിങ് മതിയെന്നാണ് എൻഡിഎ നിലപാട്. 

വോട്ടിലെ കുറവ് സംബന്ധിച്ച് അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർ ആയ അടൂർ ആർഡിഒ ബീനാ റാണി കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടും തിരഞ്ഞെടുപ്പ് നിരീക്ഷകന്റെ റിപ്പോർട്ടും കൂടി ചേർത്തു ചീഫ് ഇലക്ടറൽ ഓഫിസർ ടീക്കാറാം മീണയ്ക്ക് ജില്ലാ വരണാധികാരി അയച്ചു കൊടുത്തു. എന്നാൽ ആകെ വോട്ടിനെക്കാൾ കൂടുതൽ വോട്ടുകൾ പോൾ ചെയ്താൽ മാത്രമേ റീപോളിങ്ങിന് സാധ്യയുള്ളുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.