ഉച്ചത്തില്‍ പാട്ട്; കയ്യില്‍ മൊബൈല്‍ ഫോണ്‍: മുൻപും കല്ലടയുടെ ‘മരണപ്പാച്ചിൽ’; കുറിപ്പ്

ബെംഗളൂരുവിലേക്കുള്ള കല്ലട എന്ന സ്വകാര്യ ബസിൽ യാത്രക്കാരെ ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ സോഷ്യൽ മീഡിയയിലും രോഷം പുകയുകയാണ്. കല്ലട ബസിന്റെ മുൻയാത്രകളിലെ ദുരനുഭവങ്ങൾ വെളിപ്പെടുത്തി പലരും രംഗത്തെത്തുന്നു. ഈ സാഹചര്യത്തിൽ ശ്രദ്ധേയമാകുകയാണ് ഒരു മാസം മുൻസ് യുവാവ് ഫെയ്സ്ബുക്കിലിട്ട വിഡിയോകൾ. പത്തനംതിട്ടയിൽ നിന്നും ബെംഗളുരുവിലേക്കുള്ള കല്ലട ബസിലെ യാത്രാനുഭവമാണ് ആന്റോ ജോസ് എന്ന യുവാവ് പങ്കുവച്ചത്. വണ്ടി ഓടിക്കുന്നതിനൊപ്പം മൊബൈൽ ഫോണും ഉപയോഗിക്കുന്ന ഡ്രൈവറിനെയാണ് വിഡിയോയിൽ കാണാനാകുക. രാത്രി യാത്രയിൽ ഉച്ചത്തിൽ വച്ചിരിക്കുന്ന പാട്ടും കേൾക്കാം. ഒരു കൈ കൊണ്ട് വണ്ടി നിയന്ത്രിക്കുകയും മറ്റേ കൈ കൊണ്ട് ഫോൺ ഉപയോഗിക്കുകയുമാണ്. 

'വണ്ടി നിറച്ചും യാത്രക്കാരായിരുന്നു. വണ്ടിയുടെ അപകടകരമായ രീതിയിലുള്ള ഡ്രൈവിങ് കാരണം ഉറങ്ങാൻ കഴിയാതിരുന്ന താൻ മുൻപിലേക്ക് വന്നതാണ്. അവിടെ ഇരുന്നപ്പോൾ കണ്ട കാഴ്ചയാണ് ഇത്. ഇതിന്റെ മുഴുവൻ ഗൗരവവും ഉൾക്കൊണ്ട് വേണ്ടപ്പെട്ട അധികാരികളിലേക്ക് എത്തിക്കണം. ഡ്രൈവർ അശ്രദ്ധനായിരുന്നു എന്ന് മാത്രമല്ല യാത്രക്കാർ വേഗം കുറയ്ക്കാൻ വിളിച്ചു പറയുന്നത് കേൾക്കുന്നുമുണ്ടായിരുന്നില്ല. പ്രായമായ ഒരു സ്ത്രീ അവരുടെ സീറ്റിൽ നിന്നും എഴുന്നേറ്റ് വന്ന് ഡ്രൈവറോട് സ്പീഡ് കുറയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു'.‌ വിഡിയോകൾക്കൊപ്പമുള്ള കുറിപ്പിൽ ആന്റോ പറയുന്നു.

സംഭവത്തിൽ കല്ലട ബസ് അധികൃതരുടെ പ്രതികരണവും ആന്റോ പങ്കുവച്ചിട്ടുണ്ട്. ഡ്രൈവറിനോട് ഇതിനേക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടെന്നും ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയെന്നുമാണ് അവർ പറയുന്നത്. ഡ്രൈവർ നിങ്ങളെ ബന്ധപ്പെട്ട് എന്തുകാരണത്താലാണ് ഫോൺ ഉപയോഗിച്ചതെന്ന് വിശദീകരിക്കും. ഞങ്ങൾ സ്ഥിരമായി ഡ്രൈവർമാരോട് വണ്ടി ഓടിക്കുമ്പോൾ കൈക്കൊള്ളേണ്ട ജാഗ്രതയെക്കുറിച്ചും ഉത്തരവാദിത്തത്തെക്കുറിച്ചും ബോധവൽക്കരിക്കാറുള്ളതാണന്നും മറുപടിയായി അയച്ച മെയിലിൽ വ്യക്തമാക്കുന്നുണ്ട്. എന്തായാലും ഇപ്പോൾ ഈ വിഡിയോ ഇപ്പോള്‍ കൂടുതല്‍ കാഴ്ചക്കാരെ നേടുകയാണ‌്.