നിശബ്ദപ്രചാരണത്തിനിടയ്ക്ക് വ്യാജവാർത്ത പ്രചരിപ്പിച്ചാൽ നടപടി

നിശബ്ദപ്രചാരണവേളയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിക്കൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മിഷന്‍ . സമൂഹമാധ്യമങ്ങളിലടക്കം കര്‍ശനനിരീക്ഷണത്തിന് സൈബര്‍ സെല്‍ ഒരുങ്ങി . ശാരീരികാസ്വാസ്ത്യമുണ്ടെന്ന് മുന്‍കൂട്ടി ബോധ്യപ്പെടുത്തിയവരെ വോട്ടുചെയ്യാനെത്തിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍  നേരിട്ട് ഇക്കുറി വാഹനസൗകര്യവുമൊരുക്കും 

അവസാനദിവസങ്ങളില്‍ വ്യക്തിഹത്യയ്ക്കിറങ്ങുന്നവര്‍ കരുതിയിരിക്കുക. നിങ്ങള്‍ക്ക് മുകളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ണുകളുണ്ട് . മുഖ്യധാരാമാധ്യമങ്ങള്‍ മാത്രമല്ല സമൂഹമാധ്യമങ്ങളും കമ്മിഷന്റെ നിരീക്ഷണത്തില്‍ നന്നെ . എതെങ്കിലും പാര്‍ട്ടികളെയോ സ്ഥാനാര്‍ഥികളെയോ അമിതമായി പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ചെയ്യുന്ന മാധ്യമപ്രചാരണങ്ങള്‍ കര്‍ശനമായിനിയന്ത്രിക്കും . സ്ഥാനാര്‍ഥികളെ വ്യക്തിഹത്യ ചെയ്യുന്ന പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ക്കെതിരെയും അത്തരം സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ക്രമിനില്‍ കേസെടുക്കും . സൈബര്‍ സെല്‍ ഇതിനായി പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്.

വൈകല്യങ്ങളുള്ളവരെ വാഹനങ്ങളില്‍ കൊണ്ടുവന്ന് വോട്ടു ചെയ്യിച്ച ശേഷം രാഷ്ട്രീയക്കാര്‍ വഴിയിലുപേക്ഷിച്ചെന്ന ആക്ഷേപങ്ങള്‍ക്കും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കുറി പരിഹാരം കാണുന്നു. വോട്ടുചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് മുന്‍കൂട്ടി അറിയിച്ച ശാരീരികാസ്വാസ്ത്യമുള്ളരെ തിരഞ്ഞടുപ്പ് കമ്മിഷന്‍ പ്രതിനിധികള്‍ നേരിട്ട് സന്ദര്‍ശിച്ചിരുന്നു. വൈകല്യങ്ങള്‍ പരിഗണിച്ച് ഇവരുടെ പ്രത്യേക പട്ടിക തയ്യാറാക്കുകയും അവര്‍ക്ക് തിരഞ്ഞെടുപ്പ് ദിവസം വാഹനസൗകര്യം ഒരുക്കുകയും ചെയ്യും. ജിപിഎസ് സൗകര്യമുള്ള വാഹനങ്ങളാണ് ഇതിനായി ഉപയോഗിക്കുക. ഇവര്‍ വോട്ടു ചെയ്ത് മടങ്ങിയെന്ന് ജില്ലാ കലക്ടറുടെ ചുമതലയില്‍ നിരീക്ഷിക്കുയും ചെയ്യും.