കൊളംബോ സ്ഫോടനം; കൊല്ലപ്പെട്ടവരിൽ മലയാളിയും; എത്തിയത് 10 ദിവസം മുൻപ്

കൊളംബോ സ്ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി പി.എസ് റസീനയാണ് മരിച്ചത്. ഭീകര ഭീഷണി നേരിടാന്‍ ശ്രീലങ്കയ്ക്ക് ഇന്ത്യ എല്ലാ സഹായം വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കന്‍ പ്രസിഡന്‍റിനെയും പ്രധാനമന്ത്രിയെയും ഫോണില്‍ വിളിച്ചാണ് സഹായം വാഗ്ദാനം െചയ്തത്. ഇന്ത്യക്കാര്‍ വോട്ടുചെയ്യുന്നത് ഭീകരതയ്ക്കെതിരെ കൂടിയാകണമെന്ന് ശ്രീലങ്കന്‍ സ്ഫോടന പരമ്പരയുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. 

ഷാംഗ്രിലാ ഹോട്ടിലിലെ സ്ഫോടനത്തിലാണ് പി.എസ് റസീന കൊല്ലപ്പെട്ടത്. ചെക് ഒൗട്ട് ചെയ്ത് ഇറങ്ങുമ്പോഴായിരുന്നു സ്ഫോടനം. പത്തുദിവസം മുന്‍പാണ് റസീന കൊളംബോയില്‍ എത്തിയത്. റസീനയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇവരുടെ ബന്ധുക്കളുമായും സ്ഥാനപതിയുടെ ഒാഫീസുമായും നോര്‍ക്ക അധികൃതര്‍ ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ ഒാഫീസ് അറിയിച്ചു. സ്ഫോടന പരമ്പരയെ രാഷ്ട്രപതി റാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശക്തമായി അപലപിച്ചു. ശ്രീലങ്കന്‍ സ്ഫോടന പരമ്പര രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിലും മോദി ഉന്നയിച്ചു.

ഭീകര്‍ക്കും അവര്‍ക്ക് സഹായം നല്‍കുന്നവര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ഇന്ത്യ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. സ്ഥിതി സൂക്ഷമമായി നിരീക്ഷിച്ചുവരികയാണെന്നും ശ്രീലങ്കയിലെ ഇന്ത്യന്‍ സ്ഥാനപതിയുമായി നിരന്തരം ആശയവിനിമയം നടത്തുന്നുവെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ഇന്ത്യക്കാരുടെ സഹായത്തിന് വിദേശകാര്യമന്ത്രാലയം ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് തേടിയിട്ടുണ്ട്. ഭീകരവിരുദ്ധ നീക്കങ്ങള്‍ അജിത് ഡോവല്‍ ശ്രീലങ്കന്‍ അധികൃതരുമായി ചര്‍ച്ച ചെയ്തു.