മലപ്പുറം എങ്ങോട്ട് ചായും?; പ്രതീക്ഷയിൽ മുന്നണികള്‍

 പരസ്യപ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുബോള്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥത്വം മുതല്‍ യുവത്വം വരെ മലപ്പുറം മണ്ഡലത്തില്‍ ഫലം നിര്‍ണയിക്കുമെന്നാണ് കരുതുന്നത്. ലീഗിന്റെ മുന്നേറ്റത്തിന് കടിഞ്ഞാണിടാമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷത്തിന്റെ പ്രചാരണം.  

മറ്റു മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കു കൂടി സമയം മാറ്റി വച്ചാണ് പി.കെ. കുഞ്ഞാലിക്കുട്ടി സ്വന്തം മണ്ഡലത്തില്‍ പ്രചാരണം നടത്തുന്നത്. മുസ്്ലിം ഭൂരിപക്ഷമുളള മണ്ഡലത്തില്‍ ബി.ജെ.പിയോടുളള എതിര്‍പ്പ് പരമാവധി ലീഗ് സ്ഥാനാര്‍ഥിക്ക് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ഒപ്പം തൊട്ടടുത്ത മണ്ഡലമായ വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം കൂടിയാവുമ്പോള്‍ യുവാക്കളുടെ പിന്തുണയേറുമെന്നും കണക്കുകൂട്ടുന്നു.

ഒന്നര വര്‍ഷം മുന്‍പു നടന്ന ഉപതിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ, പി.ഡി.പി തുടങ്ങി പാര്‍ട്ടികള്‍ മല്‍സരിച്ചിരുന്നില്ല. ഒരു ലക്ഷത്തി എഴുപത്തൊന്നായിരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്നത്തെ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിജയം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍  ഇടതുസ്ഥാനാര്‍ഥി വി.പി. സാനുവിന്റെ ചെറുപ്പവും പ്രചാരണത്തിനായി വിദ്യാര്‍ഥികള്‍ കൂട്ടത്തോടെയിറങ്ങിയതും സി.പി.എമ്മിന് പ്രതീക്ഷ നല്‍കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ട് ഉറപ്പിക്കാനാണ് ബി.ജെ.പി സ്ഥാനാര്‍ഥി വി. ഉണ്ണികൃഷ്ണന്റെ പ്രചാരണം.