വിവാദങ്ങള്‍ക്ക് വിട; ആലത്തൂരിൽ സ്ഥാനാര്‍ഥികളുടെ മുന്നേറ്റം ഒപ്പത്തിനൊപ്പം

വിവാദങ്ങള്‍ക്കും പരാതികള്‍ക്കും വിട നല്‍കി ആലത്തൂരിലെ സ്ഥാനാര്‍ഥികള്‍ പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പം മുന്നേറുന്നു. രമ്യ ഹരിദാസിലൂടെ മണ്ഡലം കൈപ്പത്തിയിലൊതുക്കാന്‍ യുഡിഎഫ് തയ്യാറെടുത്തതോടെ ഇടതുകോട്ട നിലനിര്‍ത്താനാണ് എല്‍ഡിഎഫ് ശ്രമം. 

ആലത്തൂര്‍ ഇടതുകോട്ടയാണെന്ന വിശേഷണത്തില്‍ മാറ്റം വരില്ലെന്നാണ് ഇടതുസ്ഥാനാര്‍ഥി പികെ ബിജുവിന്റെ ആത്മവിശ്വാസം. എത്ര വിവാദങ്ങളുണ്ടായാലും വികസനം ജനങ്ങള്‍ സ്വീകരിക്കും. പര്യടനസ്ഥലങ്ങളില്‍ ജനപങ്കാളിത്തം െതളിവാണെന്ന് പികെ ബിജു പറയുന്നു.

പ്രചാരണത്തില്‍ അതിവേഗം സഞ്ചരിക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. സ്വീകരണകേന്ദ്രങ്ങളിലെ പ്രസംഗത്തിനുപുറമേ  ആവശ്യമെങ്കില്‍ പാട്ടുപാടിയും ജനങ്ങളുടെ സ്വീകാര്യത വോട്ടാക്കിമാറ്റാനാണ് രമ്യയുടെ ശ്രമം.

 വികസനമില്ലായ്മ ഉയര്‍ത്തിക്കാട്ടിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി ടി.വി.ബാബുവിന്റെ പ്രചാരണം.എക്കാലവും ഇടതുമുന്നണിക്കൊപ്പം നിന്ന ആലത്തൂരില്‍ ഇക്കുറി മല്‍സരം കടുത്തതാണ്.