ഒരു ബിനാലെ കാലത്തിന് കൂടി നാളെ സമാപനം; ഇത്തവണ എത്തിയത് ആറുലക്ഷം പേർ

കൊച്ചി മുസിരിസ് ബിനാലെയുടെ നാലാം പതിപ്പിന് നാളെകൊടിയിറക്കം. ഒരുദിവസം ബാക്കിനില്‍ക്കെ ബിനാലെയുടെ സമാപനസമ്മേളനം ഇന്ന്  വൈകിട്ട് 7ന് കൊച്ചി ദര്‍ബാര്‍ ഹോളില്‍ നടക്കും. ആറുലക്ഷത്തിലധികം പേരാണ് ബിനാലെയുടെ നാലാം പതിപ്പ് കണ്ടത്. 

മുപ്പത്തിയൊന്ന് രാജ്യങ്ങളില്‍ നിന്നുള്ള 138 കലാകാരന്മാരുടെ പ്രതിഷ്ഠാപനങ്ങളാണ് ബിനാലെയുടെ നാലാം പതിപ്പിനെ സമ്പന്നമാക്കിയത്.  അനിത ദുബെ ക്യുറേറ്ററായി എത്തിയ ബിനാലെ സ്ത്രീപ്രാതിനിധ്യംകൊണ്ടും ശ്രദ്ധിക്കപ്പെട്ടു. നവകേരള നിര്‍മാണത്തിനായി മൂന്നേകാല്‍ കോടി രൂപ കരുതിവച്ചാണ് ഇത്തവണ ബിനാലെയുടെ കൊടിയിറക്കം. സമാപനസമ്മേളനത്തില്‍ ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് മുഖ്യാതിഥി.

ആറുലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞെങ്കിലും ഇനിയും ഇവിടേക്കെത്തേണ്ടവരെക്കുറിച്ചുള്ള ചിന്തകൂടി പങ്കിട്ടാണ് നാലാം പതിപ്പിന്റെ സമാപനം. ബിനാലെയുടെ അഞ്ചാം പതിപ്പ് തയാറാകുമ്പോഴെങ്കിലും ആസ്പിന്‍ വാള്‍ സ്ഥിരംവേദിയാക്കുമെന്ന സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപനം യാഥാര്‍ഥ്യമാകണമെന്ന ആഗ്രഹവും ബിനാലെ ഫൗണ്ടേഷന്‍ പങ്കുവയ്ക്കുന്നു.