‘ആലത്തൂരില്‍ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പല്ല’; രമ്യയെ പരിഹസിച്ച് ദീപാ നിശാന്ത്; കുറിപ്പ്

എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ പ്രചാരണച്ചൂടിലാണ് കേരളം. എൽഡിഎഫിന് പിന്നാലെ  സ്ഥാനാർഥി പട്ടികയുമായി യുഡിഎഫും എത്തിയതോടെ സിപിഎം കടുത്ത പോരാട്ടമാണ് മണ്ഡലങ്ങളിൽ നടത്തുന്നത്. സിപിഎം അനായാസവിജയമുറപ്പിച്ചിരുന്ന മണ്ഡലങ്ങളിലൊന്ന് ആലത്തൂരായിരുന്നു. പി.കെ ബിജു വമ്പിച്ച ഭൂരിപക്ഷം നേടി വിജയിക്കുമെന്ന് ഉറപ്പിച്ച മണ്ഡലത്തിൽ രമ്യ ഹരിദാസ് എത്തിയതോടെ പോരാട്ടം ചൂടുപിടിച്ചു. പ്രചാരണത്തിൽ വേറിട്ട തലം കണ്ടെത്തുന്ന സ്ഥനാർഥിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇതിന് പിന്നാലെയാണ് രമ്യയുടെ പ്രചാരണ രീതിയെ വിമർശിച്ച് ദീപാ നിശാന്ത് ഫെയ്സ്ബുക്ക് പോസ്റ്റുമായി എത്തുന്നത്.

രമ്യയുടെ പ്രചാരണ കുറിപ്പ് ഷെയര്‍ ചെയ്ത് ദീപ നിശാന്തിന്റെ പരിഹാസം ഇങ്ങനെ:  ‘ഒന്നോർക്കണം പൗരസംരക്ഷണത്തിനും നിയമനിർമ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്. സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു, ഡാൻസ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത് .ഐഡിയ സ്റ്റാർ സിങ്ങർ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണമെന്ന അപേക്ഷയുണ്ട്. ഒരു ജനാധിപത്യമതേതര രാഷ്ട്രത്തിൽ ഇത്തരം കാര്യങ്ങൾ പറഞ്ഞല്ല വോട്ട് ചോദിക്കേണ്ടത്.’ ദീപ കുറിച്ചു. ഇതിന് പിന്നാലെ ദീപയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളും സജീവമാണ്. ഒരു വിഭാഗം സമൂഹമാധ്യമത്തില്‍ പ്രതിഷേധം കടുപ്പിച്ചതോടെ ദീപ നിശാന്ത് കമന്റ് ബോക്സ് പൂട്ടേണ്ടിയും വന്നതായി എതിരാളികള്‍ ആരോപിക്കുന്നു. 

കോൺ‌ഗ്രസ് യുവ എംഎൽഎമാരുടെ വലിയ പിന്തുണയാണ് രമ്യയ്ക്ക് ലഭിക്കുന്നത്. വി‌.ടി ബൽറാമും ഷാഫി പറമ്പിലും അനിൽ അക്കരയും അടക്കമുള്ളവർ സൈബർ ലോകത്തും രമ്യയ്ക്ക് വേണ്ടി പ്രചാരണം നടത്തുന്നുണ്ട്. അത്തരത്തിലൊരു പോസ്റ്റ് കൂടി ഉയർത്തിയാണ് ദീപയുടെ വിമർശനം. ‘എനിക്ക് വീമ്പുപറയാൻ  ഇരുപതിനായിരം കോടിയുടെ  കണക്ക് എന്റെ കൈവശം ഇല്ല . എന്റെ കയ്യിലുള്ളത്  ആവോളം സ്നേഹവും , കഠിനാധ്വാനവും മാത്രമാണ്. അത് മുഴുവനായും  ആലത്തൂർക്കാർക്ക് സമ്മാനിക്കും . കുട്ടിക്കാലത്തെ കഷ്ടപ്പാടുകളും കണ്ണീരും മാറിയത് പൊതുപ്രവർത്തകയായപ്പോഴാണ്. കാരണം എന്നേക്കാൾ  വേദനയുള്ളവർ വേറെയുമുണ്ടെന്ന് മനസ്സിലായി. കുട്ടിക്കാലത്തെ വലിയ  ആഗ്രഹമായിരുന്നു മാളികപ്പുറമാകുക എന്നുള്ളത്. ഇനി ഇരുപത് കൊല്ലം കാത്തിരിക്കണം.’ അനിൽ അക്കരെ കുറിച്ചിരുന്നു.

ദീപാ നിശാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

ആലത്തൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിക്കു വേണ്ടിയുള്ള വോട്ടഭ്യർത്ഥനയാണ്. ഇന്ത്യൻ യൂത്ത്‌ കോൺഗ്രസിന്റെ പേജിലാണ്‌ ആദ്യത്തെ ചിത്രം. ഫണ്ട് ശേഖരണത്തിനുള്ള പരസ്യവാചകം ശ്രദ്ധിക്കുക.' രമ്യ തെരഞ്ഞെടുക്കപ്പെട്ടാൽ ലോകസഭയിലെത്തുന്ന ആദ്യത്തെ ദളിത്‌ വനിതാ എം പി ആവും' എന്നാണ് അവകാശവാദം.ദീർഘകാലം കേരളനിയമ സഭാംഗവും എട്ടാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഭാർഗവി തങ്കപ്പൻ 1971ലെ പൊതു തിരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച് കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യയുടെ എം പി യായി ലോകസഭയിൽ എത്തിയ ചരിത്രം മറന്നിട്ടുണ്ടാകണം.

രണ്ടാമത്തെ ചിത്രം ഷെയർ ചെയ്തിരിക്കുന്നത് ബഹു. എം എൽ എ ശ്രീ.അനിൽ അക്കരയാണ്. തങ്ങളുടെ സ്ഥാനാർത്ഥി കടന്നു പോന്ന ജീവിതത്തിന്റെ വേനൽവിതാനങ്ങളും കനൽവഴികളും പറഞ്ഞ് വോട്ടഭ്യർത്ഥിക്കുന്നതിൽ തെറ്റൊന്നുമില്ല. മാളികപ്പുറത്തമ്മയാകലാണ് ജീവിതലക്ഷ്യമെന്ന പ്രഖ്യാപനവും നന്നായിട്ടുണ്ട്.

ഒന്നോർക്കണം പൗരസംരക്ഷണത്തിനും നിയമനിർമ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്. സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു ,ഡാൻസ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത് .ഐഡിയ സ്റ്റാർ സിങ്ങർ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണമെന്ന അപേക്ഷയുണ്ട്.ഒരു ജനാധിപത്യമതേതര രാഷ്ട്രത്തിൽ ഇത്തരം കാര്യങ്ങൾ പറഞ്ഞല്ല വോട്ട് ചോദിക്കേണ്ടത്.

"ഒന്നു രണ്ടു ചിരട്ട കുടിപ്പോളം അച്ഛനുണ്ടോ വരുന്നെന്ന് നോക്കണം!

രണ്ടു നാലു ചിരട്ട കുടിച്ചെന്നാൽ ,അച്ഛനാരെടാ ഞാനെടാ, മോനെടാ " എന്ന ചാരായ യുക്തിയാണ് മറുപടിയെങ്കിൽ സുലാൻ.