ഇനി ചങ്കുറപ്പോടെ പെൺപ്പടയും; അക്രമിസംഘത്തെ തുരത്താൻ വുമൺ ബറ്റാലിയൻ

അക്രമിസംഘത്തെ നേരിടാന്‍ ആധുനിക പരിശീലനം നേടി കേരള പൊലീസിലെ പെണ്‍പട തയാറെടുക്കുന്നു. പ്രതിഷേധക്കാരെ ലാത്തികൊണ്ട് തല്ലിച്ചതക്കാതെ, തന്ത്രപരമായി കീഴടക്കുന്ന രീതിയാണ് വുമണ്‍ ബറ്റാലിയന്‍ അംഗങ്ങളെ പരിശീലിപ്പിക്കുന്നത്.  തോക്ക് ഉപയോഗം ഉള്‍പ്പെടെ ആദ്യമായാണ് വനിത പൊലീസിനെ പരിശീലിപ്പിക്കുന്നത്. 

പ്രതിഷേധക്കാര്‍ പാഞ്ഞടുക്കുമ്പോള്‍ പുരുഷ പൊലീസിന് പിന്നിലേക്ക് ഓടിയൊളിക്കുന്നവരാവില്ല ഇനി വനിത പൊലീസുകാര്‍. ചങ്കുറപ്പോടെ നേരിടാന്‍ പഠിച്ച് കഴിഞ്ഞു. അതും സമരക്കാരുടെ തലയ്ക്കും വയറിനും കഴുത്തിനുമൊക്കെ പൊതിരെ തല്ലിക്കൊണ്ടല്ല. മാരകമായ പരുക്കുകളേല്‍ക്കാതെ കയ്യിലും കാലിലും മാത്രം ലാത്തി വീശിക്കൊണ്ട്.

അക്രമികള്‍ വളഞ്ഞാല്‍ നേതാവിനെ രക്ഷിക്കാനും പ്രതിഷേധക്കാരുടെ തലവനെ  വേഗത്തില്‍ അറസ്റ്റ് ചെയ്യാനും തുടങ്ങി തോക്ക് ഉപയോഗത്തില്‍ വരെ മിടുക്കികളായി. ബ്രിട്ടീഷ് കാലത്തെ പ്രതിരോധ രീതികള്‍ മാറ്റി ഡി.ഐ.ജി കെ. സേതുരാമന്‍ തയാറാക്കിയ പരിശീലന മുറകളാണ് അഭ്യസിപ്പിക്കുന്നത്. വുമണ്‍ ബറ്റാലിയനിലെ 40 അംഗ ബാച്ച് ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കി. കേരളത്തിന്റെ ഈ മാതൃക സ്വീകരിക്കാന്‍ തയാറായി മഹാരാഷ്ട്ര പൊലീസ് വരെ രംഗത്തെത്തിയിട്ടുണ്ട്.