നിറങ്ങളില്‍ നീരാടി ൈഹബി ഈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

നിറങ്ങളില്‍ നീരാടി എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ൈഹബി ഈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. ആലുവ യുസി കോളജിലെ വിദ്യാര്‍ഥികളുടെ ഹോളി ആഘോഷത്തിലാണ് ഹൈബി ഈഡന്‍ ഒപ്പം കൂടിയത്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനത്തിന് തുടക്കമിട്ട കളമശേരി പോളി ടെക്നിക്കില്‍ നിന്നായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. രാജീവന്റെ ഹോളി ദിനത്തിലെ പ്രചാരണം.

ആലുവ യുസി കോളജിലെ വിദ്യാര്‍ഥികളോട് സംവദിക്കാനാണ് എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി തൂവെള്ള ഖാദിയില്‍ ക്യാംപസിലെത്തിയത്. പക്ഷേ സംവാദത്തിന് സമയം പാഴാക്കാനുള്ള മൂഡിലായിരുന്നില്ല ക്യാംപസ്. അടിപൊളി ഹോളി ആഘോഷത്തിനിടയിലേക്ക് വന്നിറങ്ങിയ സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് പരിവാരങ്ങളും പല നിറങ്ങളില്‍ മുങ്ങി. നിറങ്ങളുമായി നില്‍ക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന് കുപ്പായത്തില്‍ നിറം പറ്റാതിരിക്കാന്‍ മാറി നിന്ന് തൂെവള്ള ഖദറുകാരേയും ഇവര്‍ വെറുതെ വിട്ടില്ല. നിറത്തില്‍ കുളിച്ചെങ്കിലും കന്നിവോട്ടുകാരേയും, അധ്യാപകരേയും അടക്കം കണ്ട് വോട്ട് ഉറപ്പാക്കാന്‍ സ്ഥാനാര്‍ഥി മറന്നില്ല. 

യുസി കോളജില്‍ നിറയെ ഹോളി നിറങ്ങളായിരുന്നെങ്കിലും കളമശേരി പോളി ടെക്നിക്ക് ഹോളി ദിനം ആഘോഷിച്ചത് പക്ഷേ ചുവപ്പന്‍ അഭിവാദ്യങ്ങളുമായാണ്. പോളി ടെക്നിക്കിലെ 1986 89 കാലഘട്ടത്തിലെ സമര നായകനും, എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ പി. രാജീവിനെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടയാണ് ക്യാംപസ് വരവേറ്റത്. പൊതുജീവിതത്തിന് അടിത്തറയിട്ട ക്യാംപസിലെത്തിയ രാജീവ് പഴയ ഒാര്‍മകളുമായി ക്ലാസ് മുറികളില്‌ കയറി ഇറങ്ങി. ക്യാംപസ് കാലഘട്ടത്തിലെ പോരാട്ടങ്ങളെ കുറിച്ച്  പുതിയ തലമുറയോട് വാചാലനായി. ഒപ്പം വോട്ടഭ്യര്‍ഥനയും

പോളി ടെക്നിക് യൂണിയന് വൈസ് ചെയര്‍മാനായും എസ്എഫ്ഐ നേതാവായും തിളങ്ങിയ ക്യാംപസില്‍ കാലങ്ങള്‍ക്ക് ശേഷം പൊതു തിരഞ്ഞെടുപ്പിന് വോട്ടഭ്യര്‍ഥിച്ചെത്തിയ രാജീവ് മടങ്ങിയതും തികഞ്ഞ ആത്മവിശ്വാസത്തോടെ തന്നെ.