മീനചൂടിൽ സ്ഥാനാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തിരഞ്ഞെടുപ്പ് ചൂടിനൊപ്പം ഉയരുന്ന വേനല്‍ ചൂടിനെതിരെ സ്ഥാനാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. വെയിലിന്റെ കാഠിന്യമേറുന്ന ഉച്ചസമയത്ത് പുറത്തിറങ്ങിയുള്ള പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് കാലാവസ്ഥ വിദഗ്ദ്ധരുടെ നിര്‍ദ്ദേശം. കനത്ത ചൂട് പ്രചാരണത്തിന് പ്രതിസന്ധിയുണ്ടാക്കുന്നതായി സ്ഥാനാര്‍ഥികള്‍ക്കും അഭിപ്രായമുണ്ട്.

മീനമാസം തുടക്കമാണെങ്കിലും സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വേനല്‍ചൂടിനോട് കൂടി പോരാടി മുന്നേറണമെന്നതാണ് സ്ഥാനാര്‍ഥികളുടെ അവസ്ഥ. 

തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുമ്പോള്‍ സ്ഥാനാര്‍ഥിയും, പ്രചാരണത്തിനിറങ്ങുന്നവരും വേനല്‍ചൂടിനെ അവഗണിക്കരുതെന്നാണ് കലാവസ്ഥ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. പ്രചാരണം കൊടുമ്പിരിക്കൊള്ളുന്ന ഏപ്രില്‍ മാസത്തില്‍ താപനില ഇനിയും ഉയരുമെന്നുമാണ് വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍. കനത്ത ചൂട് വോട്ടിങ് ശതമാനത്തെ ബാധിക്കുമൊയെന്നുള്ള ആശങ്കകളുമുണ്ട്.‌‌‌