മിസ് കേരള നഷ്ടമായി; ഇന്ന് മിസ് സൗത്ത് ഇന്ത്യ; നികിതയുടെ മോഹങ്ങൾക്ക് സൗന്ദര്യച്ചിറക്

മിസ് കേരള കിരീടം നഷ്ടമായപ്പോള്‍ കയ്യെത്തിപ്പിടിച്ച മിസ് സൗത്ത് ഇന്ത്യ കിരീടവുമായി പുതിയ മല്‍സരത്തിനൊരുങ്ങി ഒരു കൊച്ചിക്കാരി. ബി.ബി.എ വിദ്യാര്‍ഥിനിയായ നികിത തോമസ് മിസ് ക്വീന്‍ ഒാഫ് ഇന്ത്യയ്ക്കായുള്ള തീവ്രപരിശീലനത്തിലാണ്.

ആറാംവയസ്സില്‍ മനസില്‍കുടിയേറിയ ആഗ്രഹം. അതിനുപിന്നാലെ സഞ്ചരിച്ചപ്പോള്‍ നികിത ആദ്യം എത്തിച്ചേര്‍ന്നത് മിസ് കേരളയുടെ വേദിയിലേക്കാണ്. അവസാന ആറുപേരിലേക്കെത്തിയപ്പോള്‍ പക്ഷെ ആ യാത്ര മുടങ്ങി. കഴിഞ്ഞവര്‍ഷം കൈവിട്ടുപോയ ആ വേദിയില്‍നിന്ന് മിസ് സൗത്ത് ഇന്ത്യ കിരീടം നേടിയായിരുന്നു നികിതയുടെ തിരിച്ചുവരവ്. കൊച്ചി പനമ്പിള്ളി നഗറിലെ ഫ്ളാറ്റിലിരുന്ന് ഇതേക്കുറിച്ച് സംസാരിക്കുമ്പോഴും നികിതയുടെ സ്വപ്നങ്ങള്‍ വാനോളമാണ്.

സൗന്ദര്യമല്‍സരത്തില്‍നിന്ന് സിനിമയിലേക്ക് ചേക്കേറുകയാണ് പലരുടെയും സ്വപ്നമെങ്കില്‍ നികിതയുടെ കാര്യം മറിച്ചാണ്. ഭാവിയില്‍ സ്വന്തം ബിസിനസും പുതിയൊരും ബ്രാന്‍ഡും കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് നികിത പറയുന്നു. തല്‍ക്കാലം ജൂണില്‍ നടക്കുന്ന മിസ് ക്വീന്‍ ഒാഫ് ഇന്ത്യയ്ക്കായാണ് തയാറെടുപ്പ്.