'സിപിഎമ്മിന് തിരഞ്ഞെടുപ്പു പേടി'; പരസ്യമായി തളളിയ സമരം തീർക്കാൻ ഫോർമുല?

പിരിച്ചുവിടപ്പെട്ട എംപാനല്‍ കണ്ടക്ടര്‍മാരുടെ സമരം തീര്‍പ്പാക്കാന്‍ എല്‍.ഡി.എഫ് ഇടപെടല്‍ ലോക്സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടി പേടിച്ച്. സമരക്കാരില്‍ പകുതിയോളം ഇടതുപക്ഷ അനുഭാവികളാണെന്നിരിക്കെ ഇവരുടെ വോട്ട് നഷ്ടപ്പെടുമോയെന്ന് ഭയമാണ് എല്‍.ഡി.എഫിന്. മാത്രമല്ല ഒരുമാസം പിന്നിട്ടിട്ടും സമരം തീര്‍ക്കാത്തതിനെതിരെ പൊതുസമൂഹത്തിലും എതിര്‍പ്പ് ശക്തമാണ്. എംപാനല്‍ കണ്ടക്ടര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം കിടക്കാന്‍ തുടങ്ങിയിട്ട് 32 ദിവസം കഴിഞ്ഞു. വീട്ടിലേക്ക് തിരിച്ചുപോകാനാകാതെ വണ്ടിക്കൂലിക്ക് പോലും നിവൃത്തിയില്ലാതെ ഇത്രദിവസവും സമരം കിടന്നിട്ടും ഒരു ചര്‍ച്ചയ്ക്ക് പോലും സര്‍ക്കാരോ എല്‍.ഡി.എഫോ ഇതുവരെ മുന്‍കൈ എടുത്തിട്ടില്ല. ഒരുമാസമായി തോന്നാത്ത താല്‍പര്യം ഇടതുമുന്നണിക്ക് ഇപ്പോള്‍ തോന്നിയതിന്റെ പിന്നിലെ ചേതോവികാരം ഒന്നേയുള്ളു. സമരം തുടരുന്നത് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തിരിച്ചടിയാകും. 

സമരക്കാരില്‍ പകുതിയോളം പേരും സി.പി.എം അംഗങ്ങളോ അതുമല്ലെങ്കില്‍ ഇടതുപക്ഷ അനുഭാവികളോ ആണ്. ഇവരും ഇവരുടെ കുടുംബാംഗങ്ങളുമായി നല്ലൊരു ശതമാനം വോട്ട് എതിരാകും മാത്രമല്ല,സമരം ഒത്തുതീര്‍പ്പാക്കത്തതില്‍ പ്രതിഷേധിച്ച്  സമരക്കാരില്‍ പലരും സ്വന്തം പാര്‍ട്ടിയെ കഴിഞ്ഞദിവസങ്ങളില്‍ പരസ്യമായി തള്ളിപ്പറയുകയും ചെയ്തു. ചിലര്‍ ആത്മഹത്യയ്ക്കൊരുങ്ങി. പൊതുസമൂഹത്തില്‍ തന്നെ സമരം തീര്‍ക്കാത്തതിനെതിരെ പ്രതിഷേധം ഉയരുന്ന ഈ സാഹചര്യത്തിലാണ് എല്‍.ഡി.എഫിന്റ ഇടപെടല്‍. പ്രശ്നപരിഹാരത്തിന് ഇപ്പോള്‍ ഉരുത്തിരിയുന്നുവെന്ന് എല്‍.ഡി.എഫ് പറയുന്ന ഫോര്‍മുല നേരത്തെ തോന്നിയിരുന്നെങ്കില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഇത്രനാള്‍ പട്ടിണികിടക്കേണ്ടി വരുമായിരുന്നോയെന്നാണ് സമരക്കാരുടെ മറുചോദ്യം .