ഐഐഐടി ക്യാംപസ് നാടിന് സമർപ്പിച്ചു; നിർമാണച്ചെലവ് ഇരുന്നൂറ് കോടി

കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം കേരളത്തിന് അനുവദിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കോട്ടയം സെന്‍റര്‍ നാടിന് സമര്‍പ്പിച്ചു. പാലാ വലവൂരില്‍ അനുവദിച്ച സെന്‍ററിന്‍റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി പ്രകേശ് ജാവദേക്കര്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിച്ചു. ഇരുനൂറ് കോടി രൂപ ചെലവഴിച്ച് 55 ഏക്കറിലാണ് ഐഐഐടി ക്യാംപസ് പൂര്‍ത്തീകരിച്ചത്. 

അക്ഷരനഗരിയായ കോട്ടയം കേരളത്തിന്‍റെ നോളജ് ഹബായി മാറുന്നതിന്‍റെ അടയാളമാകുകയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി. രാജ്യത്തിന് അകത്തും പുറത്തു നിന്നുമുള്ള വിദ്യാര്‍ഥികള്‍ക്ക് അത്യാധുനിക സൗകര്യങ്ങളോടെ പഠനം പൂര്‍ത്തീകരിക്കാനുള്ള അവസരമാണ് ഇവിടെ ഒരുക്കുന്നത്. 55 ഏക്കര്‍ വിസ്തൃതിയുള്ള ക്യാംപസ് തന്നെയാണ് പ്രത്യേകത. കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്‍റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍. രാജ്യത്ത് ഏറ്റവും വേഗത്തില്‍ പൂര്‍ത്തീകരിച്ച ഐഐഐടി ക്യാംപസുകളിലൊന്നാണ് വലവൂരിലേത്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, അക്കാദമിക് ബ്ലോക്ക്, ഹോസ്റ്റലുകള്‍, ക്വാട്ടേഴ്സുകള്‍, ക്യാന്‍റീന്‍ഉള്‍പ്പെട്ടതാണ് ഐഐഐടി ക്യാമ്പസ്. നിലവില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, മാത്തമാറ്റിക്‌സ് സ്ട്രീമുകളില്‍ ബി.ടെ.ക് കോഴ്‌സുകളാണ് നടക്കുന്നത്. 

അഞ്ച് കോടി രൂപയുടെ ഇന്‍കുബേഷന്‍ സെന്‍ററും ഐഐഐടിക്ക് അനുവദിച്ചു. ഐഐഐടിലേക്കുള്ള റോഡിന്‍റെ നിര്‍മാണത്തിനായി കേന്ദ്ര റോഡ് ഫണ്ടില്‍ നിന്നും 17 കോടി രൂപയുടെ അനുമതിയും ലഭിച്ചു. റോഡിന്‍റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ക്യാമ്പസിലേക്കുള്ള യാത്രയും സുഗകരമാകും. ജോസ്.കെ. മാണി എംപിയുടെ കൃത്യമായ ഇടപെടലും സ്ഥാപനം യാഥാര്‍ഥ്യമാകുന്നത് സഹായിച്ചു.