ചാലക്കുടി തിരിച്ചു പിടിക്കാൻ യുഡിഎഫിൽ നിന്ന് ആര്? ചർച്ചകളിൽ ഇവർ

ആരാകണം സ്ഥാനാര്‍ഥി ? തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തെത്തിയതോടെ സീറ്റുചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുകയാണ്. പറഞ്ഞുകേള്‍ക്കുന്ന പേരുകളിലൊതുങ്ങുന്നില്ല സ്ഥാനാര്‍ഥിനിര്‍ണയത്തിന്റെ അതിര്‍വരമ്പുകള്‍. അപ്രതീക്ഷിതമായി ആരും കടന്നുവരാം. നൂലില്‍ കെട്ടി ഇറക്കിയവരെന്ന ആക്ഷേപത്തിന് വീണ്ടും കളമൊരുങ്ങിയേക്കാം. അത്ഭുതങ്ങള്‍ക്ക് പഞ്ഞമില്ലാത്ത ഇവിടെ നമ്മള്‍, വോട്ടര്‍മാര്‍ക്കുമുണ്ട് ചില ഉത്തരവാദിത്തങ്ങള്‍. ആരാകണം സ്ഥനാര്‍ഥിയെന്ന ചോദ്യത്തിന് നമ്മള്‍ക്കുമില്ലേ സ്വന്തമായ ഉത്തരങ്ങള്‍. പാര്‍ട്ടികളുടേയും മുന്നണികളുടെയും ശ്രദ്ധയിലേക്ക് നമ്മുടെ സ്ഥാനാര്‍ഥി ആരാകണമെന്ന് പ്രേക്ഷകര്‍ക്കും നിര്‍ദേശിക്കാം. www.manoramanews.com/arakanamsthanarthi എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥി ആരെന്ന് നിര്‍ദേശിക്കാം.

ആൾക്കൂട്ടം വോട്ടാകുമോയെന്ന ചോദ്യമായിരുന്നു ചാലക്കുടി കഴിഞ്ഞ തവണ നേരിട്ടത്. ഒടുവിൽ ആ ചോദ്യത്തിനു സമ്മതിദായകർ വ്യക്‌തമായ ഉത്തരവും നൽകി. ആൾക്കൂട്ടം വോട്ടാകും.  കേരളത്തിൽനിന്നു ലോക്‌സഭയിലെത്തുന്ന ആദ്യ ചലച്ചിത്ര താരമെന്ന ഖ്യാതിയോടെ ഇന്നസെന്റിന് അട്ടിമറിത്തിളക്കമുള്ള വിജയം. പരമ്പരാഗതമായി യുഡിഎഫിനെ അനുകൂലിക്കുന്ന പ്രദേശങ്ങൾ ഉൾപ്പെട്ട ചാലക്കുടിയിൽ ഇക്കുറി എൽഡിഎഫിന്റെ പ്രചാരണം ഇന്നസെന്റ് എന്ന നടന്റെ വ്യക്‌തിപ്രഭാവത്തിലൂന്നിയായിരുന്നു. അതു വിജയിക്കുകയും ചെയ്‌തു. ഇന്നസെന്റിന്റെ പ്രചാരണ പര്യടനങ്ങളിൽ വീട്ടമ്മമാർ ഉൾപ്പെടെയുള്ള വനിതകളുടെ വർധിച്ച സാന്നിധ്യം പ്രകടമായിരുന്നു. 

ചാലക്കുടിയുടെ നാട്ടുവഴികളിൽ അവർ മണിക്കൂറുകളോളം അദ്ദേഹത്തെ കാണാനായി ക്ഷമാപൂർവം കാത്തുനിന്നു. അർബുദത്തെ അതിജീവിച്ചെത്തിയ ഇന്നസെന്റിനു ഹാസ്യനടനെന്ന വിലാസത്തിനപ്പുറമുള്ള സ്വീകാര്യതയാണു കേരളീയ സമൂഹം നൽകിയത്. അർബുദ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ സജീവമായ പങ്കെടുത്ത അദ്ദേഹം രോഗികൾക്ക് ആത്മവിശ്വാസം പകരാൻ ലഭിച്ച ഒരു വേദിയും കൈവിട്ടില്ല. അതെല്ലാം, ജനമനസ്സിൽ ഇന്നസെന്റിന്റെ വേറിട്ട ചിത്രമാണു കോറിയിട്ടത്.