ഒന്നിനു പുറകെ ഒന്നായി അഞ്ച് ആനകള്‍; ഗോപീകണ്ണൻ ആദ്യം ഗോപുരം കടന്നു

ഗുരുവായൂര്‍ ആനയോട്ട മല്‍സരത്തില്‍ കൊമ്പന്‍ ഗോപീ കണ്ണന്‍ ജേതാവായി. ഗുരുവായൂര്‍ ഉല്‍സവത്തിന് ഗോപി കണ്ണന്‍ തിടമ്പേറ്റും. 

ക്ഷേത്രത്തില്‍ നാഴികമണി മുഴങ്ങിയതോടെ പാപ്പാന്‍മാര്‍ ആനകളുടെ കഴുത്തില്‍ ചാര്‍ത്താനുള്ള മണികളുമായി ക്ഷേത്രനടയില്‍ നിന്ന് കുതിച്ചു.

ഇരുവശത്തും ആനയോട്ടം കാണാന്‍ പുരുഷാരം തിങ്ങിനിറഞ്ഞിരുന്നു. ആനപ്രേമികളുടെ ആര്‍പ്പുവിളികളെ സാക്ഷി നിര്‍ത്തി ആനകളുടെ കഴുത്തില്‍ പാപ്പാന്‍മാര്‍ മണികള്‍ കെട്ടി. പിന്നെ, അഞ്ച് ആനകള്‍ ഒന്നിനു പുറകെ ഒന്നായി ഓടി. മഞ്ജുളാല്‍ മുതല്‍ ക്ഷേത്ര നടവരെ ഒരു കിലോമീറ്റര്‍ ദൂരം ആനകള്‍ ഓടി. 

ഗോപീകണ്ണൻ ആദ്യം ഗോപുരം കടന്നു. നന്ദിനി രണ്ടാമതെത്തി. പിന്നാലെ ബാക്കിയുള്ള മൂന്ന് ആനകളും ക്ഷേത്രത്തിലേക്ക്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഇരുപത്തിമൂന്നു ആനകളില്‍ നിന്ന് അഞ്ചാനകള്‍ക്കായിരുന്നു മല്‍സരത്തില്‍ പങ്കെടുക്കാന്‍ നറുക്കുവീണത്. അകമ്പടിയായി എത്തിയ 18 ആനകളും ഉപചാരം അർപ്പിച്ച് പിരിഞ്ഞു.