ഒഞ്ചിയത്ത് ആർഎംപി; വിജയം കൊണ്ട് മറുപടി നൽകി

 വടകരയിൽ രാഷ്ട്രീയ സ്വാധീനം ഉറപ്പിച്ച്  ഒഞ്ചിയം ഉപതിരഞ്ഞെടുപ്പിൽ ആർ.എം.പിക്ക് ജയം. സി.പി.എം സ്ഥാനാർത്ഥി രാജാറാം തൈപ്പള്ളിയെ 308 വോട്ടുകൾക്കാണ് ആർ.എം.പി യിലെ പി.ശ്രീജിത്ത് തോൽപ്പിച്ചത്. വാർഡ് നിലനിർത്തിയതോടെ ഒഞ്ചിയം പഞ്ചായത്ത് ആർ.എം.പി തന്നെ ഭരിക്കും. 

ഒഞ്ചിയത്ത് ആർ.എം.പി തകർന്നുവെന്ന  പ്രചാരണങ്ങൾക്ക് വിജയം കൊണ്ട് മറുപടി നൽകാൻ ആർ.എം.പിക്ക് സാധിച്ചു.  577 ൽ നിന്ന് ഭൂരിപക്ഷം 308 ആയി കുറഞ്ഞതിന് കാരണം വോട്ടർ പട്ടികയിൽ സി.പി.എം തിരിമറി നടത്തിയതുകൊണ്ടാണെന്ന് ആർ.എം.പി ആരോപിക്കുന്നു. 

സംസ്ഥാന നേതാക്കളെയടക്കം പ്രചാരണത്തിന് കളത്തിലിറക്കിയിട്ടും ആർ.എം.പിഭൂരിപക്ഷം രണ്ടക്കത്തിൽ പിടിച്ചുകെട്ടാൻ പോലും കഴിയാത്തത് സി.പി.എമ്മിന് ക്ഷീണമാണ്. എന്നാൽ 196 വോട്ടുകൾ വർധിച്ചത്  രാഷ്ട്രീയ വിജയമാണെന്നും യു.ഡി.എഫ് ബാന്ധവത്തിനെതിരെ ആർ.എം.പിയിൽ അഭിപ്രായ ഭിന്നത ഉണ്ടെന്നും സി.പി.എം വിലയിരുത്തുന്നു. ആർ.എം.പിയുടെ ശക്തി തെളിയിക്കൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുതൽക്കൂട്ടാകുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ് ക്യാമ്പ്.