എന്‍ജിനീയറായി’ കല്ല്യാണമുറപ്പിച്ചു; വധുവിന്റെ വീട്ടില്‍ നിന്ന് രണ്ടരലക്ഷം തട്ടി

എൻജിനീയറാണെന്ന് വ്യാജ വിവാഹപരസ്യം നൽകുക, വിവാഹം ഉറപ്പിച്ചതിനു ശേഷം പടിപടിയായി പ്രതിശ്രുത വധുവിന്റെ കുടുംബത്തിൽ നിന്നു പണം തട്ടുക. സിനിമയിലെ തട്ടിപ്പു രംഗങ്ങളെ വെല്ലുന്ന തട്ടിപ്പു പുറത്തിറക്കിയ യുവാവിന് പിടി വിണു. പ്രതിശ്രുത വധുവിന്റെ കുടുംബത്തിൽ നിന്നു രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കൊല്ലം മുണ്ടയ്‌ക്കൽ ടിആർഎ - 94 ശ്രീവിലാസത്തിൽ സുജിത്തിനെയാണു (27) ഈസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തത്. 

എൻജിനീയറാണെന്ന് വ്യാജ വിവാഹ പരസ്യം നൽകിയാണ് ഇയാൾ തിരുവനന്തപുരം മേനംകുളം സ്വദേശിയായ യുവതിയുമായി കഠിനംകുളത്തു വച്ച് ഒരു വർഷം മുൻപു വിവാഹം ഉറപ്പിച്ചത്. തൃശൂർ കലക്ടറേറ്റിൽ ഓഫിസ് അസിസ്‌റ്റന്റായി ജോലി ലഭിച്ചെന്നു യുവതിയെയും ബന്ധുക്കളെയും സുജിത്ത് പിന്നീട് അറിയിച്ചു. 

അമ്മയുടെ ചികിത്സയ്ക്കെന്ന പേരിലാണ് പലതവണയായി പെൺകുട്ടിയുടെ വീട്ടുകാരിൽ നിന്നും 2.50 ലക്ഷം രൂപ വാങ്ങിയതെന്നു പരാതിയിൽ പറയുന്നു. യുവതിയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ സുജിത്തിന് ജോലി ലഭിച്ചിട്ടില്ലെന്നു മനസ്സിലായതോടെ പണം തിരികെ ആവശ്യപ്പെട്ടു. പണം നൽകാതെ ഒഴിഞ്ഞു മാറിയതോടെയാണു യുവതിയുടെ അമ്മ കഴിഞ്ഞദിവസം ഈസ്റ്റ് പൊലീസിൽ പരാതി നൽകി. ഇതേ തുടർന്നാണ്സിഐ എസ്.മഞ്ജുലാലിന്റെ നേതൃത്വത്തിൽ സുജിത്തിനെ അറസ്റ്റ് ചെയ്തത്. . കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.