'ആവോളം പശു, ആവോളം പാൽ'; ക്ഷീരമേഖലയ്ക്ക് സർക്കാർ കൈത്താങ്ങ്

പ്രളയക്കെടുതിയില്‍ നിന്ന് ക്ഷീരമേഖലയെ കരകയറ്റാന്‍ ആവോളം പശു ആവോളം പാല്‍ പദ്ധതിയുമായി ക്ഷീരവികസന വകുപ്പ്. കോഴിക്കോട് ഉള്ള്യേരി പഞ്ചായത്തില്‍ നാല്‍പ്പത്തി ആറ് കുടുംബങ്ങളില്‍ പദ്ധതി നടപ്പാക്കി. പാലില്‍ സ്വയംപര്യാപ്ത എന്ന ലക്ഷ്യം ഗ്രാമങ്ങളിലൂടെ നേടുകയാണ് ലക്ഷ്യം. 

വിവിധ ജില്ലകളിലായി ആയിരക്കണക്കിന് പശുക്കളാണ് പ്രളയത്തില്‍ ഒഴുകിപ്പോയത്. പാലില്‍ സ്വയംപര്യാപ്തത നേടാനുള്ള ക്ഷീരവകുപ്പിന്റെ ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയായി. നഷ്ടപ്പെട്ടത് വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. ഗ്രാമങ്ങളില്‍ നടപ്പാക്കുന്ന ആവോളം പശു ആവോളം പാല്‍ ഏറെ പ്രത്യേകതയുള്ളതാണ്. അന്‍പത് ശതമാനം സബ്സിഡിയോടെ നിര്‍ധന കുടുംബത്തിലേക്ക് ഒരു വയസ് പ്രായമുള്ള കിടാരിയെ കൈമാറും. കൃത്യമായ പരിചരണത്തിലൂടെ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇരട്ടിയിലധികം പശുക്കളെ ലഭിക്കുമെന്നാണ് കരുതുന്നത്. ഉള്ള്യേരിയില്‍ നാല്‍പ്പത്തി ആറ് വനിതകളെ പദ്ധതിയിലുള്‍പ്പെടുത്തി. ഇവരില്‍ പലരും ജീവിതാവസ്ഥയില്‍ ഒറ്റപ്പെട്ടു കഴിയുന്നവരാണ്. കൃത്യമായ പരിപാലനം ഉറപ്പാക്കുന്നതിലൂടെ അവരുടെ ചുറ്റുപാടും മെച്ചപ്പെടും. 

ഗ്രാമസഭ വഴിയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. നിലവാരമുള്ള പശുക്കളെന്ന് ഉറപ്പാക്കിയ ശേഷം നറുക്കിലൂടെയാണ് ഗുണഭോക്താവിന് കൈമാറുന്നത്. കൂടുതല്‍ പശുക്കളെ വിതരണം ചെയ്യുന്നതിനൊപ്പം സൊസൈറ്റികള്‍ വഴി ശുദ്ധമായ പാല്‍ വിതരണം ചെയ്യുന്നതിനാണ് മൃഗസംരക്ഷണ വകുപ്പിന്റെ ശ്രമം.