ജൂബിലി പാർക്കിന്‍റെ നവീകരണപ്രവര്‍ത്തനങ്ങള്‍ വേഗത്തി‍ലാക്കും; നടപടി പ്രതിഷേധം ഉയർന്നതോടെ

കോട്ടയം നഗരസഭ ജൂബിലി പാർക്കിന്‍റെ നവീകരണപ്രവര്‍ത്തനങ്ങള്‍  വേഗത്തി‍ൽ പൂർത്തിയാക്കി ജനങ്ങൾക്കായി തുറന്നു കൊടുക്കാൻ തീരുമാനം. തിരുവഞ്ചൂര്‌ രാധാകൃഷണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ജോലികള്‍ വിലയിരുത്തിയ ശേഷമാണ് തീരുമാനം. അഞ്ച് വർഷമായിട്ടും പണികള്‍ പൂര്‍ത്തിയാക്കാത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.  

കാട് കയറി നശിച്ച നഗരസഭയുടെ കീഴിലുള്ള പാര്‍‌ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് പുതുക്കിപണിയുന്നത്. പുല്ല് പിടിപ്പിക്കല്‍, പ്ലംമ്പിങ് ജോലികൾ, കുട്ടികൾക്കുള്ള ശുചിമുറികളുടെ നിർമാണം എന്നിവയാണ്  ഇനി പൂര്‍ത്തിയാക്കേണ്ടത്. ജോലികള്‍ ആരംഭിച്ച് അഞ്ച് വര്‍ഷത്തിലേറെയായി. ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസം ജോലികള്‍ വൈകിപ്പിച്ചുവെന്നാണ് നഗരസഭയുടെ വിശദീകരണം.

പുല്ല് സ്ഥാപിക്കുന്നതിനായി കൂടുതല്‍ മണ്ണ് എത്തിക്കണം. ഇതിന് ജില്ലാ ഭരണകൂടത്തിന്‍റെ അനുമതി വേണം.  പാർക്കിനു പിന്നിൽ ശുചിമുറികൾ സ്ഥാപിക്കാനുള്ള നീക്കം സമീപവാസികള്‍ തടഞ്ഞു. പകരം പുതിയ സ്ഥലംകണ്ടെത്തി ശുചിമുറികള്‍ നിര്‍മിക്കാനാണ് തീരുമാനം. രണ്ടരക്കോടിയിലേറെ രൂപ പാര്‍ക്കിന്‍റെ നവീകരണത്തിനായി ചെലവിട്ടു.

കോട്ടയം നഗരത്തിൽ കുട്ടികൾക്കായി ഒരു പൊതു കളിസ്ഥലമില്ലെന്ന പരാതിയാണ് പാർക്കിന്റ നവികരണത്തോടെ അവസാനിക്കുന്നത്. ജില്ലാ കലക്ടര്‍ പി.കെ. സുധീര്‍ബാബു, നഗരസഭ അധ്യക്ഷ പി.ആര്‍. സോന എന്നിവരും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സ്കൂള്‍ അവധിക്ക് മുന്നോടിയായി പാര്‍ക്ക് തുറന്നുകൊടുക്കാനാണ് തീരുമാനം.