ഈ കുടുംബത്തിന് വേണം സുമനസുകളുടെ കൈതാങ്ങ്

ബൈക്കപകടത്തിൽ തലക്ക് പരുക്കേറ്റ് ഒരു വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന യുവാവിന്‍റെ ചികിൽസക്കായി ഒരു നാട് സഹായം തേടുകയാണ്. പാലക്കാട് അഗളി ജല്ലിപ്പാറ പുത്തൻ മാനായിൽ അരുൺ ഷാജിയുടെ ജീവിതം തിരിച്ചുപിടിക്കാനാണ് നാട്ടുകാര്‍ രംഗത്തിറങ്ങിയത്. 

2017 നവംബറിലാണ് സ്വകാര്യ ബാങ്കിൽ ജോലി ചെയ്തിരുന്ന അരുൺ ഷാജി ബൈക്കപകടത്തിൽപ്പെട്ടത്. രാത്രിയിൽ ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെ ഒറ്റപ്പാലം കൂട്ടുപാതയിൽ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അരുണിന്‍റെ തലക്ക് ഗുരുതരമായി പരുക്കേറ്റു. തലച്ചോറിലെ കോശങ്ങൾ പരുക്ക് മൂലമുണ്ടായ ചതവിൽ നിർജ്ജീവമായി. പെരിന്തൽമണ്ണയിലെയും തൃശൂരിലേയും ചികിത്സയ്ക്ക് ശേഷമാണ്  അരുണിനെ നാലര മാസം മുൻപ് വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ എത്തിച്ചത്. ഇരുപത് ലക്ഷത്തിലേറെ രൂപ ഇതിനകം ചികിൽസക്കായി ചെലവഴിച്ചു. ഒരു ലക്ഷം രൂപയോളമാണ് പ്രതിമാസം ചികിൽസക്കായി വേണ്ടിവരുന്നത്. 

ടാക്സി ഡ്രൈവറായ അച്ഛൻ സജിമോൻ ജോലി ഉപേക്ഷിച്ച് അരുണിന് കൂട്ടിരിക്കുന്നു. ചികിത്സയ്ക്കായി അമ്മ ഷൈനി നടത്തിയിരുന്ന ചെറിയ കടയും വിൽക്കേണ്ടി വന്നു. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന സഹോദരന്‍റെ  ചെറിയ വരുമാനം മാത്രമാണ് കുടുംബത്തിന്‍റെ ഏക ആശ്രയം. ജല്ലിപ്പാറ പളളിയിലേയും  തൃശൂർ നെല്ലിക്കുന്ന് പള്ളി കമ്മിറ്റിയുടെയും കടുബശ്രീ പ്രവർത്തകരുടെയും സഹായ കൊണ്ടാണ് ഇതുവരെ ചെലവ് കഴിഞ്ഞുപോയത്. ചികിത്സയോട് അരുണ്‍ പ്രതികരിച്ച് തുടങ്ങിയത് പ്രതീക്ഷ നല്‍കുന്നു. സുമനസുകളുടെ കൂടുതൽ സഹായങ്ങൾ ലഭിച്ചാല്‍ മാത്രമെ അരുണിന്‍റെ ചികിത്സ മുന്നോട്ടു കൊണ്ടുപോകാനാകൂ. 

MORE IN KERALA