കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയിക്കും

വട്ടവട, കൊട്ടക്കമ്പൂര്‍ മേഖലയിലെ ആള്‍ത്താമസമില്ലാത്ത പ്രദേശങ്ങള്‍ കുറിഞ്ഞി  ഉദ്യാനത്തിന്റെ ഭാഗമാക്കിയേക്കും. ഉദ്യാനത്തിന്റെ പരിധിയില്‍നിന്ന് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കുന്നതിന് പകരമായാണ് ഈ ഭൂമി കൂട്ടിച്ചേര്‍ക്കുക.  ഇരുപത്തി ഒന്‍പതാം തീയതി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും. അതേസമയം ജോയ്സ് ജോര്‍ജ് എം.പിയുടെ ഭൂമിസംബന്ധിച്ച പരിശോധന അനന്തമായി നീളുകയാണ്.  

3200 ഹെക്ടറുള്ള കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി നിലനിറുത്തിക്കൊണ്ടാവും അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കുക. ജനവാസമേഖലകളെ ഒഴിവാക്കണമെന്ന ആവശ്യം ലാന്‍ഡ്  റവന്യൂ കമ്മിഷണറും ദേവികുളം സബ്കലക്ടറും പരിശോധിച്ച് വരികയാണ്. എത്രപരാതികള്‍ പരിശോധിച്ചു, കൈയ്യേറ്റം സംബന്ധിച്ച വിശദാംശങ്ങള്‍ എന്നിവ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ചേരുന്ന യോഗം ചര്‍ച്ചചെയ്യും. കൊട്ടകമ്പൂര്‍, വട്ടവട എന്നിവിടങ്ങളിലെ 58, 62 ബ്്ളോക്കുകളിലാണ്പട്ടയമുണ്ടെന്ന്പറയപ്പെടുന്ന ഭൂമികൂടുതലുംഉള്ളത്.  ഇത് ഒഴിവാക്കുകുകയാണെങ്കിലും‍ ചേര്‍ന്നുകിടക്കുന്ന ജനവാസമില്ലാത്ത ഭൂമി കുറിഞ്ഞി ഉദ്യാനത്തോട് ചേര്‍ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതേസമയം ജോയ്സ് ജോര്‍ജ് എംപിയുടെയും കുടുംബത്തിന്റേയും ഭൂമിസംബന്ധിച്ച പരിശോധന ദേവികുളം സബ്കലക്ടര്‍ക്ക് പൂര്‍ത്തിയാക്കാനായില്ല. ജനുവരി പത്തിന് ഭൂരേഖകളുമായി ഹാജരാകാനാണ് അവസാന നിര്‍ദ്ദേശം നല്‍കിയിരുന്നത്.

ജോയ്സ് ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ച് മുപ്പത് ദിവസത്തെ സാവകാശം വാങ്ങുകയായിരുന്നു. ജോയ്സ് ജോര്‍ജിന്റെ ഭൂമിയെക്കുറിച്ചുള്ള തീരുമാനമാകാതെ കുറിഞ്ഞി ഉദ്യാനത്തിന്‍റെ അന്തിമ അതിര്‌ത്തി നിര്‍ണ്ണയം സാധ്യമല്ല. തിരഞ്ഞടുപ്പിന് മുന്‍പ് ഇത് വിവാദമാക്കാനും സര്‍ക്കാരിന് താല്‍പര്യമില്ല. അതോടൊപ്പം സംസ്ഥാന സര്‍ക്കാരിന് മാത്രമായി അതിര്‍ത്തി നിര്‍ണ്ണയം സാധ്യമല്ല. സെറ്റില്‍മെന്റ് ഒാഫീസറായ ദേവികുളം സബ്കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടി പൂര്‍ത്തിയാക്കേണ്ടത് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയമാണ്. കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ അനുവാദവും കിട്ടണം.