‌‌‌‌എസ്.ജാനകിക്ക് അനുശോചനം നേര്‍ന്ന് എസ്എഫ്ഐ; നാണക്കേടായതോടെ ഖേദിച്ച് തടിയൂരി

ജീവിച്ചിരിക്കുന്ന ഗായിക എസ്.ജാനകിക്ക് നിലമ്പൂര്‍ ഏരിയ സമ്മേളനത്തില്‍ അനുശോചനം രേഖപ്പെടുത്തിയത് നാണക്കേടായതോടെ ഖേദം രേഖപ്പെടുത്തി എസ്.എഫ്.ഐ വിവാദത്തില്‍ നിന്ന് തടിയൂരി. അനുശോചന പ്രമേയത്തില്‍ കഴിഞ്ഞ വര്‍ഷം മരിച്ചവരുടെ പട്ടികക്കൊപ്പം ചേര്‍ത്താണ് ഗായിക എസ്. ജാനകിക്കും ആദരാഞ്ജലികളര്‍പ്പിച്ചത്. വേദിയിലും സദസിലുമുണ്ടായിരുന്ന എസ്.എഫ്.ഐ നേതാക്കളും പ്രവര്‍ത്തകരുമൊന്നും അബന്ധം തിരിച്ചറിയുകയോ ആ സമയത്ത് തിരുത്തുകയോ ചെയ്തില്ല. 

അനുശോചന പ്രമേയപട്ടിക അശ്രദ്ധമായി തയാറാക്കിയതിന് എസ്.എഫ്.ഐ ഏരിയ കമ്മിറ്റി നേതൃത്വത്തിന്റെ ശകാരം കേട്ടു. സജീവ സംഗീതജീവിതം അവസാനിപ്പിക്കുകയാണന്നും സംഗീതപരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണന്നും എസ്. ജാനകി നേരത്തെ അറിയിച്ചിരുന്നു. പിന്നാലെ സമൂഹമാധ്യമങ്ങളില്‍ അന്തരിച്ചുവെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ പരന്നിരുന്നു. സമൂഹമാധ്യമങ്ങളെ മാത്രം ആശ്രയിക്കുന്ന ഏതോ എസ്.എഫ്.ഐക്കാരന് പിണഞ്ഞ അബദ്ധമാണ് ഇതെന്നാണ് സംസാരം.