ഹജ് തീർത്ഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് പൂർത്തിയായി

കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ ഹജ് തീർത്ഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് പൂർത്തിയായി.11,472 സീറ്റുകളിലേക്കായി 8262 തീര്‍ത്ഥാടകരെയാണ് തിരഞ്ഞെടുത്തത്.

കേരളത്തില്‍ നിന്നു 43,115 പേരാണ് ഹജ് തീര്‍ത്ഥാടനത്തിന് അപേക്ഷിച്ചത്..കേന്ദ്ര ഹജ് ക്വാട്ട പ്രകാരം ലഭിച്ചത് 11,472 സീറ്റ് ആണ്. ഇതിൽ 8262 സീറ്റുകളിലേക്കുള്ള നറുക്കെടുപ്പാണ് പൂർത്തിയായത്.70 വയസിനു മുകളിലുള്ള 1199 പേർക്കും 45 വയസിനു മുകളിൽ പുരുഷന്‍മാര്‍ കൂടെയില്ലാത്ത  2011 വനിതകൾക്ക് നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ചു.കരിപ്പൂരിലെ ഹജ് ഹൗസിൽ നടന്ന നറുക്കെടുപ്പ് മന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്തു. തീർത്ഥാടകരുമായുള്ള  ആദ്യ വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു പുറപ്പെടാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് മന്ത്രി പറഞ്ഞു.

ഹജിന് പോവുന്ന സ്ത്രീകൾക്ക് പ്രത്യേക സൗകര്യമൊരുക്കാൻ ഹജ് ഹൗസിനോട് ചേർന്ന് ആറരകോടി രൂപ ചെലവിൽ പ്രത്യേക കെട്ടിടം പണിയുമെന്നും ഇതിനായിൽ സർക്കാർ അനുവാദം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു..ചടങ്ങിൽ സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി, എം.എൽ.എ മാരായ പി.ടി.എ റഹീം, മുഹമ്മദ് മുഹ്സിൻ തുടങ്ങിയവർ  പങ്കെടുത്തു.