സന്യാസവ്രതങ്ങള്‍ ലംഘിച്ചു; സി.ലൂസിക്കെതിരെ സഭ

ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനീ സഭാംഗം സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ  കത്തോലിക്കസഭ.  കന്യാസ്ത്രീ സന്യാസവ്രതങ്ങള്‍ ലംഘിച്ചെന്നും വിശദീകരണം ആവശ്യപ്പെട്ട മേലധികാരിയുടെ നിര്‍ദേശം  അവഗണിച്ചത് ഗുരുതരമാണെന്നും സഭയുടെ പത്രത്തിലെ ലേഖനം ആരോപിക്കുന്നു. ലേഖനത്തിന് പിന്നില്‍ സ്വാര്‍ഥതാല്‍പര്യമുണ്ടെന്നും കത്തോലിക്കാസമൂഹത്തിന് അഭിമാനമാകുന്ന പ്രവൃത്തികൾ മാത്രമേ   ചെയ്തിട്ടുള്ളൂവെന്നും  സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പ്രതികരിച്ചു.  

ഒരു സന്യാസ സഭയിെല കന്യാസ്ത്രീയുടെ   വ്യത്യസ്ത സമീപനം മൂലം കത്തോലിക്ക സഭയിലെ സന്യസ്ത ജീവിതം  ചര്‍ച്ചാവിഷയമായിരിക്കുകയാണെന്ന് സൂചിപ്പിച്ച് സിസ്റ്റര്‍ ലൂസിയുടെ  പേര് പരാമര്‍ശിക്കാതെയാണ്  ലേഖനം. സിസ്റ്റര്‍ ലൂസി  സഭാ നേതൃത്വത്തെയും പൗരോഹിത്യത്തെയും  അടിസ്ഥാനമില്ലാതെയും  കേട്ടുകേള്‍വിയുടെ മാത്രം അടിസ്ഥാനത്തിലും അശ്ലീലം കലര്‍ന്ന പദങ്ങളുന്നയിച്ച് വിമര്‍ശിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമാണെന്ന് ലേഖനം ആരോപിക്കുന്നു. ഏറ്റവും ഒടുവില്‍      സന്യാസവസ്ത്രം മാറ്റി ചുരിദാര്‍ ധരിച്ച്  വളരെ വികലമായ ആക്ഷേപം ഉന്നയിച്ചുവെന്നും ലേഖനം പറയുന്നു. കന്യാസ്ത്രീയോട് സഭാ മേലധികാരി വിശദീകരണം ചോദിക്കാന്‍   ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണങ്ങള്‍ മാത്രമല്ല കാരണം. സന്യാസവ്രതങ്ങളുടെ ലംഘനം തെളിഞ്ഞതിനെ തുടര്‍ന്നാണെന്ന് എണ്ണമിട്ട് പറയുന്നു. അനുവാദമില്ലാതെ, കവിതാ പുസ്തകം പ്രസിദ്ധീകരിച്ചു.  ഡ്രൈവിങ് ലൈസന്‍സ് എടുത്തു. സ്വന്തമായി വാഹനം വാങ്ങി തുടങ്ങിയ ആരോപണങ്ങള്‍ ലേഖനത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്.   വിശദീകരണം ചോദിച്ച മേലധികാരിയുടെ കത്ത് മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തിയത് അനുസരണക്കേടിന്റെയും അപക്വപെരുമാറ്റത്തിന്റെയും തുടര്‍ച്ചയാണെന്നും പറയുന്നു . എന്നാല്‍ അച്ചടക്ക നടപടിക്ക് തക്കതായ കുറ്റങ്ങളൊന്നും താന്‍ ചെയ്തിട്ടില്ലെന്ന് സിസ്റ്റര്‍ ലൂസി ആവര്‍ത്തിച്ചു.  യഥാർത്ഥ തെറ്റുകൾ ചെയ്തവർ ഇപ്പോഴും സുരക്ഷിതരാണെന്നും സിസ്റ്റർ ലൂസി കളപ്പുരക്കൽ മാനന്തവാടിയില്‍മനോരമന്യൂസിനോട് പറഞ്ഞു.

ഇന്നലെ ആലുവയിലെത്തി വിശദീകരണം നല്കാന്‍ ആവശ്യപ്പെട്ടാണ്  ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനീ സഭ മദര്‍ ജനറല്‍ സിസ്റ്റര്‍ ലൂസിക്ക് കത്ത് നല്‍കിയിരുന്നത്. എന്നാല്‍  തെറ്റുചെയ്യാത്തിനാല്‍ ഹാജാരാകില്ലെന്ന് കാണിച്ച് സിസറ്റര്‍ ലൂസി ഇ.മെയിലിലുടെ മറുപടി നല്‍കി.