ബന്ദിപ്പൂര്‍ വന മേഖലയിൽ മേല്‍പ്പാലം അനുവദിക്കില്ല; ഇടപെടണമെന്ന് ആക്ഷന്‍ കമ്മിറ്റി

കേരളത്തെയും കര്‍ണാടകയെയും ബന്ധിപ്പിക്കുന്ന ബന്ദിപ്പൂര്‍ വന മേഖലയിലെ രാത്രിയാത്രാ നിരോധനം മറികടക്കാന്‍ മേല്‍പ്പാലം നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട് തിരിച്ചടി.

മേല്‍പ്പാല ഇടനാഴി അനുവദിക്കില്ല എന്നാണ് പരിസ്ഥിതി മന്താലയത്തിന്റെ തീരുമാനം. വിഷയത്തില്‍ കേരള സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. 

രാത്രിയാത്ര നിരോധന പ്രശ്നം പരിഹരിക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് മേല്‍പ്പാലമെന്ന നിര്‍ദേശം വെച്ചത്. ഒരോ കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ അഞ്ചു മേല്‍പ്പാലങ്ങളായിരുന്നു പദ്ധതി.

കര്‍ണാടക സര്‍ക്കാര്‍ ഇതിനെതിരെ ശക്തമായ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ഇതു കൂടി പരിഗണിച്ചാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മേല്‍പ്പാലം അനുവദിക്കില്ലെന്ന തീരുമാനം എടുത്തത്.

വനം പരിസ്ഥിതി സഹമന്ത്രി ഡോ. മഹേഷ് ശര്‍മ്മയാണ് ഇക്കാര്യം രാജ്യസഭയെ അറയിച്ചത്. കടുവാ സങ്കേതം വഴിയുള്ള രാത്രിയാത്ര വന്യമൃഗങ്ങള്‍ക്ക് ഹാനികരമാകുമെന്നാണ് നിലപാട്. വിഷയത്തില്‍ കേരള സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

മേല്‍പ്പാലനിര്‍മ്മാണ ചിലവിന്റെ പകുതി വഹിക്കാമെന്ന് കേരളം തീരുമാനിച്ചിരുന്നു. എന്നാല്‍ കേരളത്തിന്റെ നിലപാടുകള്‍ സുപ്രീംകോടതിയില്‍ കൃത്യമായി അറിയിക്കുന്നില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.