വരുമാനത്തിന് 'മലയിറക്കം'; ഇക്കുറി 9 കോടി 15 ലക്ഷം രൂപയുടെ കുറവ്

മകരവിളക്കിനു നട തുറന്ന ശേഷം സന്നിധാനത്ത് ആറു ദിവസത്തെ വരുമാനത്തിൽ 9 കോടി 15 ലക്ഷം രൂപയുടെ കുറവ്. ഇന്നലെ വരെയുള്ള മകരവിളക്കു കാലത്തെ ആകെ വരുമാനം 20 കോടി 49 ലക്ഷം രൂപയാണ്. മകരവിളക്കോടെ വരുമാന നഷ്ടം ഇല്ലാതാകുമെന്നാണ് ദേവസ്വം ബോർഡിന്റെ കണക്കുകൂട്ടൽ.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 29.64 കോടി രൂപ ലഭിച്ചിരുന്നിടത്താണ് 9.15 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായിരിക്കുന്നത്. അരവണ വിറ്റുവരവിലൂടെ കഴിഞ്ഞ വർഷം 10.22 കോടി ലഭിച്ചപ്പോൾ ഇത്തവണ 9.43 കോടിയായി കുറഞ്ഞു. അപ്പം വിറ്റുവരവ് അൻപതു ലക്ഷം രൂപയുടെ നഷ്ടത്തോടെ 96.52 ലക്ഷമായി. മകരവിളക്കോടെ കൂടുതൽ തീർഥാടകരെത്തുകയും വരുമാനം വർധിക്കുകയും ചെയ്യുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.

മുറി വാടക ഇനത്തിൽ 28.93 ലക്ഷം, നെയ്യഭിഷേകത്തിലൂടെ 26.45 ലക്ഷം, വെള്ള നിവേദ്യത്തിലൂടെ 50,940 എന്നിങ്ങനെയാണ് ആറു ദിവസത്തെ വരുമാന മാർഗങ്ങൾ.