പ്രളയബാധിത മേഖലകളെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഉജ്ജീവന്‍

പ്രളയബാധിത മേഖലയിലെ കാര്‍ഷിക, വ്യാപാര, വ്യവസായ മേഖലകളെ പുനരുജ്ജീവിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജീവന്‍ പദ്ധതി. പത്തുലക്ഷം രൂപ വരെയുള്ള ടേംലോണിന് രണ്ടുലക്ഷം വരെ സര്‍ക്കാര്‍ സബ്സിഡി നല്‍കുന്ന പദ്ധതി സംസ്ഥാനതല ബാങ്കേഴ്സ് സമിതി തത്വത്തില്‍ അംഗീകരിച്ചു.

പ്രളയക്കെടുതി നേരിട്ടവര്‍ക്ക് നവംബര്‍ 30 വരെ ബാങ്കുകള്‍ 975 കോടിരൂപ വായ്പ നല്‍കിയെന്ന് ബാങ്കേഴ്സ് സമിതി അറിയിച്ചു.  പ്രളയക്കെടുതിയിലായ കര്‍ഷകര്‍ക്കും ചെറുകിടവ്യവസായികള്‍ക്കും ആശ്വാസം നല്‍കുന്ന ഉജ്ജീവന്‍ പദ്ധതി നടപ്പാക്കാനുള്ള ഉത്തരവ് ഇന്നലെയാണ് സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കിയത്.

പദ്ധതിപ്രകാരം എടുക്കുന്ന പത്തുലക്ഷം രൂപവരെയുള്ള ടേം ലോണിന്റെ 25 ശതമാനം അല്ലെങ്കില്‍ രണ്ടുലക്ഷം രൂപവരെ സര്‍ക്കാര്‍ സബ്സിഡിയായി നല്‍കും. ആദ്യവര്‍ഷത്തെ പലിശയും സര്‍ക്കാര്‍ വഹിക്കും. പ്രവര്‍ത്തനമൂലധനത്തിന്  ഒരുലക്ഷം രൂപവരെയും സര്‍ക്കാര്‍ സബ്സിഡി നല്‍കും.

ഇന്നുചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗം പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കി. പദ്ധതി നടപ്പാക്കുന്നതിന്റെ വിശദാംശങ്ങള്‍ തീരുമാനിക്കാന്‍ ഉടന്‍ തന്നെ വീണ്ടും ബാങ്കേഴ്സ് സമിതി യോഗം ചേരും. ചീഫ് സെക്രട്ടറി ടോംജോസും റവന്യുവകുപ്പ് അഡീ.ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനും പദ്ധതിക്ക് ബാങ്കുകളുടെ പൂര്‍ണപിന്തുണ അഭ്യര്‍ഥിച്ചു.

പ്രളയബാധിതര്‍ക്ക് നവംബര്‍ 30 വരെ 975 കോടിയുടെ പുതിയ വായ്പ നല്‍കിയെന്ന് എസ്.എല്‍.ബി.സി അറിയിച്ചു. 82 കോടിയുടെ കാര്‍ഷികവായ്പയും 480 കോടിയുടെ എം.എസ്.എം.ഇ വായ്പയും 318 കോടിയുടെ ഭവനവായ്പയും വിതരണം ചെയ്തു. ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ കുടുംബശ്രീവഴി നല്‍കിയത് 95 കോടിയാണ്.

5100 കോടിരൂപയുടെ വായ്പ ഇക്കാലയളവില്‍ പുനക്രമീകരിച്ച് തിരിച്ചടവ് തവണദീര്‍ഘിപ്പിച്ച് നല്‍കുകയും ചെയ്തു. പ്രളയബാധിതര്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കാന്‍ വൈകുന്നതായി പരാതിയുണ്ടെന്ന് സര്‍ക്കാര്‍ യോഗത്തില്‍ ചൂണ്ടിക്കാണിച്ചു. പ്രശ്നം പരിഹരിക്കാമെന്ന് കമ്പനികള്‍ ഉറപ്പുനല്‍കി.