പൊടുന്നനെ വഴിയാധാരമായ കുറേ ജീവിതങ്ങൾ; നിസഹായരുടെ ചൂണ്ടുവിരൽ

രാഷ്ട്രീയമൊന്നും പറയാനില്ല. പെട്ടെന്നൊരുദിവസം നിസഹായരായിപ്പോയ കുറേ സഹജീവികളെക്കുറിച്ചാണ് പറയാനുളളത്. അവരെക്കുറിച്ച് മാത്രം. അവര്ക്ക് പറയാനുളവത് മാത്രം. കേരള റോഡ് ട്രാന്സ്പോര്ട്ട് കോര്പറേഷനിലെ താത്കാലിക ജീവനക്കാരായ എംപാനലുകാരാണ് ജീവിതത്തിന്റെ അനിശ്ചിതത്വത്തിലേക്ക് പടിയിറങ്ങാന് നിര്ബന്ധിതരായിരിക്കുന്നത്. ഏത് കോടതിയുടെ ഉത്തരവായാലും അത് താങ്ങാനുളള ശേഷി ഈ മനുഷ്യര്ക്കില്ല. 

നിയമത്തിന്റെ തലനാരിഴ കീറിയുളള പരിശോധനയല്ല, മനുഷ്യന്റെ ദുരിതങ്ങളും സഹനങ്ങളും ജീവിക്കാന് വേണ്ടി അനുദിനം നടത്തുന്ന പോരാട്ടങ്ങളും തിരിച്ചറിഞ്ഞുളള പരിശോധനയാണ് വേണ്ടത്. നേരിട്ട്, അവര്ക്ക് പറയാനുളള ജീവിതങ്ങളിലേക്ക് പോകാം.

സിന്ധു ഒറ്റക്ക് പോരാടി കുടുംബം നടത്തുന്ന സ്ത്രീയാണ്. ജീവിതത്തിന്റെ കഠിനവഴികളിലൂടെയാണ് സഞ്ചാരം. ഭര്ത്താവിന് ജോലിക്ക് പോകാന് കഴിയാതായപ്പോഴാണ് ഭര്ത്താവിനും കുട്ടികള്ക്കും കുടുംബത്തിനും വേണ്ടി സിന്ധു പോരാട്ടത്തിനിറങ്ങിയത്. കെ എസ് ആര് ടി സിയിലെ യൂണിയനുകള് നടത്തുന്ന സമരം പോലെയല്ലിത്. ജീവിതസമരമാണ്.

ഇത്രയും വര്ഷങ്ങള് ഒരു സ്ഥാപനത്തില് ജോലി ചെയ്തു. അതും ഒരുപാട് ത്യാഗങ്ങള് സഹിച്ച്. പിന്നോക്കക്കാരെപ്പോലെയാണ് കെ എസ് ആര് ടി സി കൈകാര്യം ചെയ്യുന്നത്. മിക്കവാറും കെ എസ് ആര് ടി സി നിലനില്ക്കുന്നത് തന്നെ എം പാനലുകാരുടെ ബലത്തിലാണ് എന്നതാണ് വാസ്തവം. പെട്ടെന്നൊരു നാള് തൊഴില് നഷ്ടപ്പെടുമ്പോള് എന്ത് ചെയ്യണമെന്നറിയാതെ അന്തംവിട്ട് പോയിരിക്കുകയാണ് ഈ മനുഷ്യര്.

സിന്ധു ഒരൊറ്റയാളല്ല. സിന്ധുവിനെപ്പോലെ നാലായിരത്തിലധികം പേരുണ്ട് കെ എസ് ആര് ടി സിയില്. സമ്പൂര്ണ അനിശ്ചിതത്വം നിറഞ്ഞ ജീവിതവഴികളിലേക്കാണ് അവര് ഇറങ്ങിപ്പോകുന്നത്. അല്ല, ഇറക്കിവിടപ്പെടുന്നത്.

പി എസ് എസി പരീക്ഷ നടത്തി കണ്ടക്ടര്മാരെ നിയമിക്കണമെന്നാണ് ഉത്തരവ്. ആവശ്യം ന്യായം. അങ്ങനെ പി എസ് എസി ലിസ്റ്റുണ്ടാക്കി ആളെയെടുക്കുന്നതിന് എംപാനല് ജീവനക്കാര് എതിരാണോ? അല്ല എന്ന് വേണം മനസിലാക്കാന്.

ഇനി പി എസ് എസി ലിസ്റ്റില് നിന്ന് എല്ലാ ആനുകൂല്യങ്ങളോടും കൂടി കണ്ടക്ടര്മാരെയും ജീവനക്കാരെയും നിയമിക്കുന്നത് കെ എസ് ആര് ടി സി എന്ന നഷ്ടത്തില് നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന പൊതുമേഖലാസ്ഥാപനം താങ്ങുമോ? തകര്ന്നുതരിപ്പണമാകും. അതവിടെ നില്ക്കട്ടെയെന്ന് പറയാനാവില്ല. കാരണം ആ തകര്ച്ച വൈകിക്കാന് വേണ്ടി കൂടിയാണ് പലകാലങ്ങളിലായി കെ എസ് ആര് ടി സി എംപാനലുകാരുടെ സഹായം തേടിയത്. നൂറ്റിപ്പത്ത് രൂപ ദിവസവരുമാനത്തിലാരംഭിച്ച് പലകാലങ്ങളിലായി നാമമാത്രവര്ധനവുകളിലൂടെ ഇന്ന് 480 രൂപ ദിവസക്കൂലിക്കാണ് ഈ എംപാനലുകാര് ജോലി ചെയ്യുന്നത്. 480 രൂപ ദിവസക്കൂലിക്ക് ജോലി ചെയ്യാന് ഇന്ന് മറുനാട്ടില് നിന്ന് കൂലിപ്പണിക്കെത്തുന്ന തൊഴിലാളികളെ കിട്ടുമോ? ഇല്ലെന്നെല്ലാവര്ക്കുമറിയാം.

എന്ത് കൊണ്ടാണ് ഇവര് ഈ കൂലിക്ക് പണിക്കെത്തുന്നത്. വേറെ പണികിട്ടാത്തത് കൊണ്ട്. ദീര്ഘവര്ഷങ്ങളായി തുടര്ന്നുവരുന്ന പണി നിര്ത്തി മറ്റൊരു പണിക്ക് പോകുന്നത് അപ്രായോഗികമായത് കൊണ്ട്. അങ്ങനെയങ്ങനെ പലപല കാരണങ്ങള്.

ഒരു ദശകത്തിലുമേറെയായി എംപാനൽ ടാഗുമായി ജോലി ചെയ്യുന്ന ഈ ജീവനക്കാരിൽ പലരും നാൽപത് വയസിന് മുകളിലുളളവരായിരിക്കുന്നു. ഇനിയൊരു സർക്കാർ ജോലിക്ക് പരീക്ഷയെഴുതാൻ പോലും പ്രായമനുവദിക്കാത്തവർ. പിഎസ്‌സി പരീക്ഷയെഴുതാനാവില്ല. സ്വകാര്യസ്ഥാപനങ്ങളിലടക്കം ജോലി കിട്ടുക ബുദ്ധിമുട്ടേറിയ കടമ്പ.

അത്യാവശ്യം സ്ഥിരതയുളള ജോലിയാണ് എന്നാണ് പുറത്തുളളവരെ പോലെ എംപാനല് ജീവനക്കാരും കരുതിപ്പോന്നിരുന്നത്. ആ ബലത്തിലാണ് പലരും കൈവായ്പയും ബാങ്ക് വായ്പയുമെടുത്തത്. വീട് വെച്ചത്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് ചെലവഴിച്ചത്. അച്ഛന്റെയോ, അമ്മയുടെയോ ചികിത്സ നടത്തിയത്. ഒരുനാള് നേരംപുലരുമ്പോള് ജോലിപോകുമെന്നായതോടെ ആ വായ്പ തീരാബാധ്യതയായി പലരുടെയും മുകളില് തൂങ്ങും.

പത്തും പന്ത്രണ്ടും പതിനഞ്ചും വര്ഷങ്ങളായി ജോലി ചെയ്യുന്നവരാണ്. ആദ്യമൊക്കെ ഇന്നല്ലെങ്കില് നാളെ പിരിച്ചുവിടുമെന്ന് വിചാരിച്ചു. പിന്നെപ്പിന്നെ ഇന്നല്ലെങ്കില് നാളെ സ്ഥിരപ്പെടുത്തുമെന്ന് വിചാരിച്ചു. ഇന്നിപ്പൊ ഇറങ്ങിപ്പോകേണ്ടിവരികയാണ്. ഏറ്റവും തൊഴിലാളിവിരുദ്ധ സ്ഥാപനമെങ്കില് പോലും എന്തെങ്കിലും വിരമിക്കലാനുകൂല്യങ്ങവുണ്ടാവും. ഇവിടെയുണ്ടാവും വട്ടപ്പൂജ്യം. നിയമമോ, ഇവരെ നിയമിച്ച സമയത്തെ വ്യവസ്ഥകളോ അനുവദിക്കുന്നില്ലായിരിക്കും എംപാനല് ജീവനക്കാരെ പിരിച്ചുവിടുമ്പോള് എന്തെങ്കിലും ആനുകൂല്യം നല്കാന്. എങ്കിലും എല്ലാവരും ഓര്ക്കേണ്ട ഒന്നുണ്ട്, ഇവരുടെ കൂടി വിയര്പ്പും രക്തവുമിറ്റിച്ചാണ് കെ എസ് ആര് ടി സി ഇക്കണ്ട വര്ഷങ്ങളില് ഈ ഓട്ടമെല്ലാം ഓടിയത്. നമ്മള് പലയിടത്തും ഓടിയെത്തിയത്. 

വലിയ വിവേചനങ്ങളനുഭവിച്ചുകൊണ്ടിരുന്ന വിഭാഗം കൂടിയാണ് എംപാനല് ജീവനക്കാര്. 20 ഡ്യൂട്ടി തികച്ചില്ലെങ്കില് ശമ്പളത്തില് നിന്ന് ആയിരം രൂപ പിടിക്കുന്ന ഒരു നടപടിയുണ്ടായിരുന്നുവത്രേ. അത് മാത്രമല്ല, അങ്ങനെ പലതരം നടപടികളിലൂടെ രണ്ടാനിര ജീവനക്കാരായി നിലനിര്ത്തിയിരുന്നവരെയാണ് ഇപ്പോള് പുറത്താക്കുന്നത്.

ഏറ്റവും ശക്തമായ രീതിയില് ട്രേഡ് യൂണിയനുകള് പ്രവര്ത്തിക്കുന്ന ഒരു സ്ഥാപനമാണ് കെ എസ് ആര് ടി സി. അതിപ്പോ, സി ഐ ടി യു ആയാലും ഐ എന് ടി യു സിയായാലും എ ഐ ടി യു സി ആയാലും. ആ യൂണിയനുകളുടെ കൊടിക്കീഴില് അണിനിരന്നിട്ടുളളവര് തന്നെയാണ് താത്കാലികജീവനക്കാരും. അവരില് വലിയ പ്രതീക്ഷയര്പ്പിച്ചവര്. സ്ഥാപനം പൂട്ടിപ്പോയാലും ശരി സ്ഥിരം ജീവനക്കാരുടെ അവകാശങ്ങള്ക്ക് വേണ്ടി വീറോടെ പോരാടുന്നവരാണ് കെ എസ് ആര് ടി സിയിലെ തൊഴിലാളിസംഘടനകളും അവരുടെ നേതാക്കളും. ആ പോരാട്ടവീറും വാശിയുമൊന്നും എംപാനല് ജീവനക്കാരുടെ തൊഴില് സംരക്ഷണത്തിന് വേണ്ടി ഉണ്ടാകുന്നില്ല എന്നതാണ് അങ്ങേയറ്റം നിരാശാജനകമെന്ന് ഈ തൊഴിലാളികളുടെയും ഉളളിലുണ്ട്.

എങ്കിലുമവര് പ്രതീക്ഷിക്കുന്നുണ്ട്. ഇന്നല്ലെങ്കില് നാളെ യൂണിയനുകള് അര്ഹിക്കുന്ന ഗൗരവത്തോടെ തങ്ങളുടെ ഉപജീവനത്തെയും കാണുമെന്ന് ഇവര് പ്രതീക്ഷിക്കുന്നുണ്ട്. 

ഇനിയിപ്പൊ തൊഴിലാളി യൂണിയനുകള് അത് ചെയ്യുന്നില്ലെങ്കില് സര്ക്കാരത് ചെയ്യണമെന്ന് ഇവരാഗ്രഹിക്കുന്നുണ്ട്. കാരണം കേരളം ഭരിക്കുന്നത് തൊഴിലാളിവര്ഗസര്ക്കാരാണല്ലോ. ഈ സംസ്ഥാനത്തിന്റെ ഗതാഗതസമസ്യകളെ ഇത്രവര്ഷം വിജയകരമായി പൂരിപ്പിച്ച നാലായിരത്തിലധികം ഊര്ജസ്വലരായ മനുഷ്യരെ അങ്ങനെ വെറുതെ വഴിയിലുപേക്ഷിക്കരുതല്ലോ.

പി എസ് സി ലിസ്റ്റും സ്ഥിരം ജീവനക്കാരുമെല്ലാം വന്നോട്ടെ. അവര്ക്കും ജോലി കിട്ടട്ടെ. കെ എസ് ആര് ടി സിയില് അതിനും ഇടമുണ്ടല്ലോ. അതിന് മുമ്പ് കെ എസ് ആര് ടി സിയുടെ സാമ്പത്തികനിലയും അടിത്തറയും ശക്തിപ്പെടണം. അതിനുളള ചില നീക്കങ്ങളാരംഭിച്ചിട്ടുണ്ട് എന്നത് എല്ലാവരും അംഗീകരിക്കുന്നുമുണ്ട്. 

ജോലി കാത്തിരിക്കുന്ന ഉദ്യോഗാര്തികളോടും ഹൈക്കോടതി വിധിയോടുമുളള എല്ലാ ബഹുമാനത്തോടെയും പറയട്ടെ, കുറെയാളുകളുടെ പണി കളഞ്ഞ് കുറെയാളുകള്ക്ക് പണി നല്കുന്നത് ഇത്രയേറെ പുരോഗമിച്ചൊരു ജനാധിപത്യത്തിന്റെ പരിസരത്ത് അത്ര സുഖമുളള ഏര്പാടല്ല.